22 December Sunday
ഉരുൾപൊട്ടലിൽ തകർന്നത് കർഷകഹൃദയം

വിലങ്ങാട് വൻ കൃഷിനാശം

സി രാഗേഷ്Updated: Sunday Aug 4, 2024

വിലങ്ങാട് ഉരുൾപൊട്ടലിൽ കാർഷികവിളകൾ നശിച്ച നിലയിൽ

നാദാപുരം > ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് വൻ കൃഷിനാശം. കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിൽ നഷ്ടമായത്‌ ഹെക്ടർ കണക്കിന് ഭൂമിയിലെ കാർഷിക വിളകൾ. വായ്പവാങ്ങി പരമ്പരാഗത കൃഷിയിലൂടെ ജീവിതം നയിച്ച കുടിയേറ്റ കർഷകരുടെ ജീവിതവരുമാനം ഏതാണ്ട്‌ പൂർണമായും നശിച്ചു. പതിറ്റാണ്ടുകളായി മണ്ണിനോട് മല്ലിട്ടുണ്ടാക്കിയവയാണ്‌ ഒരു രാത്രികൊണ്ട് നശിച്ചത്. 
 
പുഴയോരത്തെ കൃഷിഭൂമി തന്നെ ഇല്ലാതായി. മയ്യഴിപ്പുഴയുടെ ഉത്ഭവകേന്ദ്രമായ പുല്ലുവ പുഴയുടെ തീരമായ വലിയ പാനോം മുതൽ വാളാന്തോട് വരെയുള്ള തീരം പുഴയെടുത്തു. ഇവിടെ കൃഷികളും മരങ്ങളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ചൊവ്വാഴ്‌ച പുലർച്ചെ ഒന്ന്‌ മുതൽ മൂന്നരവരെ നിരവധി ഇടങ്ങളിലാണ് ചെറുതും വലുതുമായ  ഉരുൾപൊട്ടിയതെന്ന് കർഷകർ പറഞ്ഞു. 
മാടാഞ്ചേരി, മലയങ്ങാട്, കമ്പിളിപ്പാറ, കുറ്റല്ലൂർ, പാനോം, വലിയപാനോം, മഞ്ഞച്ചീളി എന്നിവിടങ്ങളിലാണ് വൻ നാശനഷ്ടം ഉണ്ടായത്. 200ലേറെ കർഷകരുടെ കൃഷി നശിച്ചു. തെങ്ങ്, കവുങ്ങ്, റബർ, ജാതി, കശുമാവ്, തേക്ക്, ഈട്ടി, പ്ലാവ്, മാവ്, തുടങ്ങിയ മരങ്ങളും വാഴ, ചേന തുടങ്ങിയ ഇടവിള കൃഷികളും നശിച്ചവയിൽപ്പെടുന്നു. പന്നി, താറാവ്, കോഴികൾ എന്നിവയും ഒലിച്ചുപോയി. 
 
ലക്ഷക്കണക്കിന് രൂപ കാർഷിക ലോണെടുത്താണ് പലരും കൃഷി ഇറക്കിയത്. ജീവിതം ഇനിയെങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലാണ്‌ ഇവർ. വിലങ്ങാട് മാത്രം കോടിക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടായതായി കർഷകർ പറഞ്ഞു. പാലങ്ങൾ തകർന്നതിനാൽ കുന്നിൻമുകളിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കയാണ്‌. അതിനാൽ നാശനഷ്ടക്കണക്ക് കൃത്യമായി ശേഖരിക്കാനും പ്രയാസം നേരിടുകയാണ്. പല ഭാഗങ്ങളിലും എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന്‌ വാണിമേൽ പഞ്ചായത്ത് കൃഷി ഓഫീസർ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top