19 December Thursday

വിവാദം അവസാനിക്കണം; അർജുന്റെ 
കുടുംബത്തോട്‌ ക്ഷമ ചോദിച്ച്‌ മനാഫ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024
കോഴിക്കോട്
അർജുന്റെ കുടുംബത്തിന് വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി ലോറി ഉടമ മനാഫ്. വിവാദങ്ങൾ ഇന്നത്തോടെ അവസാനിക്കണമെന്നും അർജുന്റെ പേരിൽ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും മനാഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതികരണങ്ങൾ വൈകാരികമായതിൽ ക്ഷമ ചോദിക്കുന്നു. വിഷയത്തിൽ വ്യക്തത വരുത്താനാണ്‌ വാർത്താസമ്മേളനം നടത്തുന്നത്‌. 
‘‘അർജുന്റെ കാര്യത്തിൽ ഒരു മുതലെടുപ്പും പിആർ പണിയും നടത്തിയിട്ടില്ല. ഒരു ജോലിക്കാരനുവേണ്ടി ആത്മാർഥമായി കൂടെനിന്ന് അയാളുടെ മൃതദേഹം വീട്ടിൽ എത്തിക്കുകയുമാണ് ചെയ്തത്.’’–- മനാഫ്‌ പറഞ്ഞു. ചിലർ തരാമെന്ന് പറഞ്ഞ പണം വേണ്ട എന്നാണ് പറഞ്ഞത്. പിന്നെയും നിർബന്ധിച്ചപ്പോഴാണ് അർജുന്റെ മകന് നൽകാമെന്നുകരുതി അക്കൗണ്ട് നമ്പർ ചോദിച്ചത്. അതിൽ വിഷമമുണ്ടായെങ്കിൽ മാപ്പ്‌. ജനങ്ങളെ വിവരം അറിയിക്കാനാണ്‌ യുട്യൂബ് ചാനൽ തുടങ്ങിയത്. മാധ്യമങ്ങളിലൂടെ തന്നെ അറിഞ്ഞത് ലോറിയുടമ മനാഫ് എന്നാണ്. അതുകൊണ്ടാണ് ചാനലിനും ആ പേര് നൽകിയത്.
താൻ കാര്യങ്ങളെ വൈകാരികമായി സമീപിക്കുന്നയാളാണ്. പ്രതികരണങ്ങളുണ്ടായതും ഇങ്ങനെയാണ്. വണ്ടിക്ക്‌ അർജുനെന്ന്‌ പേരിടില്ല. അർജുന്‌ 75,000 രൂപ കിട്ടുമെന്ന്‌ പറഞ്ഞത്‌ ഇൻഷുറൻസ്‌ തുക ഉറപ്പാക്കാനാകട്ടെ എന്നു കരുതിയാണ്‌. വിഷയം ഇതോടെ അവസാനിക്കണമെന്നും മാധ്യമങ്ങളുൾപ്പെടെ തർക്കത്തിലേക്ക്‌ കാര്യങ്ങൾ കൊണ്ടുപോകരുതെന്നും മനാഫ്  പറഞ്ഞു. വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സഹോദരൻ മുബീനും ബന്ധുക്കളും ഒപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top