കോഴിക്കോട്
രാമനാട്ടുകര–-വെങ്ങളം ബൈപാസ് ആറുവരിയാക്കുന്നതിന്റെ ഭാഗമായി മലാപ്പറമ്പ് മേൽപ്പാതയുടെ നിർമാണം തുടങ്ങി. കരാർ ഏറ്റെടുത്ത കെഎംസി കൺസ്‌ട്രക്‌ഷൻസ് മൂന്നരമാസംകൊണ്ട് പണിപൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 40 മീറ്ററിലാണ് മേൽപ്പാത പണിയുക. പ്രവൃത്തിയുടെ ഭാഗമായി വയനാട് റോഡിൽ മണ്ണ് നീക്കൽ ആരംഭിച്ചു. ഇതിന് രണ്ടാഴ്‌ചയോളം വേണ്ടിവരും. എട്ടരമീറ്റർ താഴ്‌ചയിലാണ് മേൽപ്പാതയ്‌ക്കുവേണ്ടി റോഡ് താഴ്‌ത്തുക. വയനാട് റോഡ് മേൽപ്പാതയിലൂടെ കടന്നുപോവുമ്പോൾ ബൈപാസ് ഈ ഭാഗത്ത് 6.2 മീറ്റർ താഴ്‌ചയിലാണ് കടന്നുപോവുക. മലാപ്പറമ്പ് ജങ്‌ഷനിൽനിന്ന് ഇരുഭാഗത്തേക്കുമായി 120 മീറ്റർ വീതമാണ് ബൈപാസ് താഴ്‌ത്തുന്നത്. ഈ പ്രവൃത്തി നേരത്തെ ആരംഭിച്ചു.
നിലവിൽ വയനാട് റോഡ് രണ്ടുവരിയാണ്. ഭാവിയിലുള്ള വികസനം കൂടെ മുന്നിൽക്കണ്ടാണ് മേൽപ്പാത 40 മീറ്റർ വീതിയാക്കുന്നത്. നിർമാണത്തിന്റെ ഭാഗമായി മലാപ്പറമ്പ് ജങ്‌ഷനിൽ 42 മീറ്റർ ചുറ്റളവിൽ താൽക്കാലിക റൗണ്ട് എബൗട്ട് നിർമിച്ചാണ് കഴിഞ്ഞ ചൊവ്വാഴ്‌ച മുതൽ വാഹനങ്ങൾ കടത്തിവിടുന്നത്.
നിർമാണം പൂർത്തിയാവുന്നതുവരെ ഇതുതുടരും. വേങ്ങേരിയിലും മലാപ്പറമ്പ് ജങ്‌ഷനിലുമാണ് ബൈപാസിൽ മേൽപ്പാത പണിയുന്നത്. വേങ്ങേരിയിൽ 13 മീറ്റർ വീതിയിൽ മേൽപ്പാത പണിത് ഗതാഗതത്തിനായി തുറന്നുകൊടുത്തു. ബാക്കി നിർമാണത്തിന് കുടിവെള്ള പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കണം. ഈ മാസം അഞ്ചുമുതൽ എട്ടുവരെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പെരുവണ്ണാമൂഴിയിലെ ജലശുദ്ധീകരണശാല അടച്ച് കോഴിക്കോട് കോർപറേഷൻ, ഫറോക്ക് നഗരസഭ, ബാലുശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, തലക്കുളത്തൂർ, ചേളന്നൂർ, കക്കോടി, കുരുവട്ടൂർ, കുന്നമംഗലം, പരുവയല, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി പഞ്ചായത്തുകളിലേക്കുമുള്ള ജലവിതരണം നിർത്തിവയ്ക്കും. പൈപ്പ്‌ലെൻ മാറ്റിയശേഷം ഒമ്പതിന് ഓവർപാസിന്റെ നിർമാണപ്രവൃത്തി പുനരാരംഭിക്കും. ഒന്നരമാസംകൊണ്ട് മേൽപ്പാതയുടെ നിർമാണം പൂർത്തിയാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..