കുന്നമംഗലം > ആദിയിൽ ജീവ തന്മാത്രകളുണ്ടായത് മുതൽ മാനവരുടെ മുതുമുത്തശ്ശി ലൂസിവരെ 400 കോടി വർഷത്തെ ജീവന്റെ കഥ പറയുന്നതാണ് ലൂക്ക സയൻസ് കലണ്ടർ. ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാ ജീവികളുടെയും പൊതു പൂർവികനായ ലൂക്ക (ലാസ്റ്റ് യൂണിവേഴ്സൽ കോമൺ ആൻസെസ്റ്റർ) മുതൽ മനുഷ്യർ ഉൾപ്പെടുന്ന എല്ലാ ഹോമോ സ്പീഷീസുകളുടെയും പൊതു പൂർവികയായ ലൂസി വരെയുള്ള ജീവപരിണാമത്തിന്റെ കഥ 12 മാസങ്ങളിലൂടെ മനസ്സിലാക്കാം.
ജിനോമിക്സും ട്രാൻസ്ക്രിപ്റ്റോമും നിർമിതബുദ്ധി സഹായത്തോടെയുള്ള നൂതന പ്രോട്ടീനുകളും അത്ഭുത മരുന്നുകളുമൊക്കെ അരങ്ങേറുന്ന നവ ബയോളജിയുടെതാണ് ഈ നൂറ്റാണ്ട്. ഏറ്റവുമധികം വിദഗ്‌ധ തൊഴിലുകൾ ഈ മേഖലയിലാണ് വരാനിരിക്കുന്നത്. ഈ പാതയിലേക്കുള്ള കുട്ടികളുടെ പ്രയാണത്തെ സഹായിക്കാനും ജിജ്ഞാസയും കൗതുകവും ഉണർത്താനും മൊബൈലിലെ ക്യൂആർ കോഡ് റീഡറും ഒരു ലൂക്ക കലണ്ടറും ഉണ്ടായാൽ മതി. ജീവന്റെ കഥ, പരിണാമ ശാസ്ത്രജ്ഞർ, ഈ മാസത്തെ ആകാശം, ജ്യോതിശാസ്ത്ര വിശേഷങ്ങൾ, ശാസ്ത്ര ചരിത്രത്തിൽ ഈ മാസം, നക്ഷത്ര മാപ്പുകൾ, പ്രതിദിന സ്റ്റാറ്റസ് വീഡിയോകൾ തുടങ്ങി ഒട്ടേറെ വിഭവങ്ങളും കലണ്ടറിലുണ്ട്. ഡിജിറ്റല്‍ കലണ്ടറുമായി ഓരോ താളും ക്യൂആർ കോഡിലൂടെ ബന്ധിപ്പിച്ചിട്ടുണ്ട്.
വിദ്യാർഥികള്‍ക്ക് പഠന സഹായിയായും അധ്യാപകർക്ക് അധ്യാപക സഹായിയായും ഉപയോഗിക്കാവുന്ന ഒട്ടേറെ വിഭവങ്ങള്‍ ഇതിലുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്കയാണ് ശാസ്ത്ര കലണ്ടർ ഒരുക്കുന്നത്. 200 രൂപയാണ് ഒരു കലണ്ടറിന് പോസ്റ്റൽ ചാർജ് ഉൾപ്പെടെ വില. വിവരങ്ങൾക്ക്: www.calender.Iuca.co.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..