04 December Wednesday

പോർട്ട് ബംഗ്ലാവ് വികസിപ്പിക്കൽ: കൗൺസിൽ തീരുമാനമെടുക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2024

കോർപറേഷൻ ഓഫീസിൽ ചേർന്ന യോഗത്തിൽ മന്ത്രി വി എൻ വാസവൻ സംസാരിക്കുന്നു. മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ മേയർ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ എന്നിവർ സമീപം

കോഴിക്കോട്‌

1890ൽ ബ്രിട്ടീഷുകാർ നിർമിച്ച, മാരിടൈം ബോർഡിന്റെ അധീനതയിലുള്ള ബീച്ചിലെ  പോർട്ട് ബംഗ്ലാവ് സ്വകാര്യനിക്ഷേപം വിനിയോഗിച്ച്‌ വികസിപ്പിക്കണമെന്ന ആവശ്യത്തിൽ കോർപറേഷൻ കൗൺസിൽ തീരുമാനമെടുക്കും. മന്ത്രിമാരായ വി എൻ വാസവൻ, പി എ മുഹമ്മദ്‌ റിയാസ്‌ എന്നിവർ പങ്കെടുത്ത യോഗത്തിൽ മേയർ ഡോ. ബീന ഫിലിപ്പാണ്‌ ഇക്കാര്യം അറിയിച്ചത്‌. 
തൊഴിലവസരങ്ങൾ പ്രദാനംചെയ്യുന്ന തലത്തിലേക്ക്‌ ബംഗ്ലാവിനെ മാറ്റണമെന്ന്‌ മാരിടൈം ബോർഡാണ്‌ നിർദേശംവച്ചത്‌. ജീർണാവസ്ഥയിലുള്ള ബംഗ്ലാവ് നവീകരിക്കാൻ 12 സ്വകാര്യ നിക്ഷേപകർ താൽപ്പര്യമറിയിച്ചിട്ടുണ്ട്‌. 75 കോടി രൂപ നിക്ഷേപമിറക്കി വ്യാപാരാടിസ്ഥാനത്തിൽ വികസിപ്പിച്ച്‌ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും കോർപറേഷൻ സഹകരിക്കണമെന്നും ബോർഡ് ചെയർമാൻ എൻ എസ് പിള്ള പറഞ്ഞു. കുട്ടികൾക്കായുള്ള ലയൺസ് പാർക്ക് കോർപറേഷൻ ബോർഡിന് വിട്ടുതന്നാൽ അവിടെ മറ്റു പദ്ധതികൾ നടപ്പാക്കുമെന്നും അറിയിച്ചു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിരവധി പദ്ധതികൾ പാർക്കിൽ നടപ്പാക്കുന്നുണ്ടെന്നും പ്രവൃത്തിക്കുള്ള ഭരണാനുമതി ഉടൻ ലഭിക്കുമെന്നും ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ അറിയിച്ചു. ലയൺസ് പാർക്ക് കുട്ടികളുടെ പാർക്കായി നിലനിർത്താനാണ് കോർപറേഷൻ തീരുമാനം.   
ചാലിയത്ത് ‘നിർദേശി’നായി  കൈമാറിയ 41.5 ഏക്കർ ഭൂമി തിരികെ ലഭിച്ചാൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഓയിൽ സ്റ്റോറേജിനായി ഉപയോഗിക്കാമെന്നും എൻ എസ് പിള്ള പറഞ്ഞു. പദ്ധതികളുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ബോർഡ് സെക്രട്ടറിയും ടൂറിസം ഡയറക്ടറും ഉൾപ്പെട്ട കമ്മിറ്റി രൂപീകരിക്കാൻ മന്ത്രി മുഹമ്മദ്‌ റിയാസ് നിർദേശിച്ചു. വെള്ളയിലെ രണ്ടരയേക്കർ ഭൂമി കാർ പാർക്കിങ്‌ ആയി മാറ്റാനുള്ള പദ്ധതി, കോന്നാട്ടെ ലോറി പാർക്കിങ്‌ ഭൂമി വിഷയങ്ങൾ എന്നിവയും ചർച്ച ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top