മുക്കം
എട്ടുപേരുടെ ജീവനും നിരവധി കുടുംബങ്ങളുടെ പ്രതീക്ഷയും സ്വപ്നവും തകർത്തെറിഞ്ഞ പുല്ലൂരാംപാറ ഉരുൾപൊട്ടൽ ദുരന്തത്തിന് ചൊവ്വാഴ്ച 12 വർഷം തികയുന്നു. 2012 ആഗസ്‌ത് ആറ് തിങ്കൾ വൈകിട്ടാണ് കൂറ്റൻ പാറക്കല്ലുകളും മരങ്ങളും മണ്ണുമായി ഒഴുകിയെത്തിയ മലവെള്ളം നാടിനെ തകർത്തെറിഞ്ഞത്.
ആദ്യം കൊടക്കാട്ട്പാറ ഭാഗത്ത് നേരിയതോതിലും ഒന്നര മണിക്കൂറിനകം ചെറുശ്ശേരിക്കുന്ന്, മാവിൻചുവട് ഭാഗങ്ങളിൽ അതിശക്തമായും ഉരുൾ പൊട്ടലുമുണ്ടായി. ചെറുശ്ശേരിക്കുന്നിൽ പത്തിലേറെ സ്ഥലങ്ങളിലാണ് ഉരുൾപൊട്ടിയത്. ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം എട്ടുപേർ മരിച്ച ദുരന്തത്തിന്റെ നടുക്കുന്ന ഓർമയിലാണ് ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും പുല്ലൂരാം പാറ ഗ്രാമം.
സന്ധ്യയോടെ പെയ്ത മഴയോടൊപ്പം ചെറുശ്ശേരിക്കുന്ന് പൊട്ടിയൊഴുകി വീടുകളും വളർത്തുമൃഗങ്ങളും വാഹനങ്ങളും ഒഴുകിപ്പോകുന്ന കാഴ്ച ഇപ്പോഴും ആരും മറന്നിട്ടില്ല. അങ്ങാടിയിൽ സാധനങ്ങൾ വാങ്ങാൻ പോയതിനാൽ രക്ഷപ്പെട്ട തുണ്ടത്തിൽ ബിജുവിന് അച്ഛനും അമ്മയും ഭാര്യയും രണ്ട് കുട്ടികളുമാണ് നഷ്ടമായത്.
ബിജുവിന് പിന്നീട് സർക്കാർ ജോലിനൽകി. ഇദ്ദേഹം ഇപ്പോൾ പുല്ലൂരാംപാറയിൽ കുടുംബസമേതം താമസിക്കുകയാണ്. വീട് നഷ്ടപ്പെട്ട കുടുംബങ്ങളിൽ പലർക്കും സർക്കാർ മാവാതുക്കലിൽ നൽകിയ സ്ഥലത്ത് വീട് നിർമിച്ചുനൽകി. പലർക്കും സാമൂഹിക- രാഷ്ട്രീയ- സന്നദ്ധ സംഘടനകളും വീടുവച്ചുനൽകി.
അധികമാരും തിരിഞ്ഞുനോക്കാതെ 20 ലേറെ കുടുംബങ്ങൾ വർഷങ്ങളോളം ആനക്കാംപൊയിലിനടുത്ത് സ്വകാര്യവ്യക്തി സൗജന്യമായി നൽകിയ സ്ഥലത്തെ താൽക്കാലിക ഷെഡ്ഡുകളിലാണ് താമസിച്ചത്. പിന്നീട് ഇവരും മറ്റിടങ്ങളിലേക്ക് താമസം മാറി. വീടുകളും കൃഷിഭൂമിയും ഒഴുകിപ്പോയ ഇടങ്ങളിൽ പാറക്കല്ലുകളും തോടുമാണ് ശേഷിക്കുന്നത്. ചില കുടുംബങ്ങൾ ഇവിടെ വീട് നിർമിച്ച് താമസിക്കുന്നുണ്ട്. കല്ലും മണ്ണും മരങ്ങളുമടിഞ്ഞ് ആളുകൾ ഉപേക്ഷിച്ചുപോയ വീടുകളിൽ ചിലതിൽ ആളുകൾ താമസം പുനരാരംഭിച്ചു.
12 വർഷങ്ങൾക്കിപ്പുറം മാവിൻചുവട് പ്രദേശമാകെ മാറിക്കഴിഞ്ഞു. കാര്യമായ പുനർ നിർമാണമൊന്നും പിന്നീട് ഉണ്ടായില്ല. ഏകദേശം 500 ഹെക്ടര്‍ കൃഷിഭൂമി ഒലിച്ചുപോയി. ഒഴുകിയെത്തിയ പാറക്കൂട്ടങ്ങളും സമീപത്തുകൂടെ ഒഴുകുന്ന വെള്ളച്ചാലുമാണ് പുല്ലൂരാംപാറ ഉരുൾപൊട്ടലിന്റെ ഒരു വ്യാഴവട്ടം പിന്നിടുമ്പോഴുള്ള ശേഷിപ്പ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..