വിലങ്ങാട്
ഉരുൾപൊട്ടലിൽ വീട് ഉൾപ്പെടെ നഷ്ടമായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരുടെ അഭിപ്രായം പരിഗണിച്ചശേഷം പുനരധിവാസത്തെക്കുറിച്ച് തീരുമാനിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വിലങ്ങാട് കൂടുതൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടില്ല എന്നതൊഴിച്ചാൽ വലിയ നാശനഷ്ടമാണുണ്ടായത്. വയനാട് ദുരന്തത്തിനിടയിൽ വിലങ്ങാട്ടെ ആഘാതത്തിന്റെ വ്യാപ്തി കൃത്യമായി പുറത്തുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ ജീവൻ നഷ്ടപ്പെട്ടു. കലക്ടർ ഓരോ വകുപ്പുമായും ചേർന്ന് നാശനഷ്ടങ്ങളുടെ റിപ്പോർട്ട് സമാഹരിക്കുന്നുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ എംപി, എംഎൽഎ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവരടക്കമുള്ള യോഗം ചേർന്ന് അന്തിമ തീരുമാനം കൈക്കൊള്ളും.
വിലങ്ങാട് ഫലവത്തായ ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും റിയാസ് വ്യക്തമാക്കി.
പുനരധിവാസത്തിന് ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഏകജാലക സമ്പ്രദായത്തിലൂടെ ഏകോപിപ്പിക്കാനാണ് ശ്രമിക്കുന്നത്. സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടവർക്കായി സ്പെഷ്യൽ അദാലത്ത് നടത്തും. ക്യാമ്പിൽ കഴിയുന്നവരുടെ പഠനം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിക്കും. ഓൺലൈൻ പഠനമടക്കം പരിഗണിക്കും. ഇക്കാര്യങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ നിയമിക്കും. വിലങ്ങാട്ട് സാധ്യമായ എല്ലാ കാര്യങ്ങളും സംസ്ഥാന സർക്കാർ ചെയ്യുമെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..