17 September Tuesday

മാലിന്യമുക്ത നവകേരളം: 
രണ്ടാം ക്യാമ്പയിനൊരുങ്ങി ജില്ല

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024
കോഴിക്കോട്‌
മാലിന്യമുക്ത നവകേരളമെന്ന ലക്ഷ്യംതൊടാൻ രണ്ടാം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക്‌ ജില്ല ഒരുങ്ങി. ഒക്‌ടോബർ രണ്ടിന്‌ തുടങ്ങി മാർച്ച്‌ 30 വരെയുള്ള ക്യാമ്പയിൻ സമയബന്ധിതമായി പൂർത്തിയാക്കാൻ ജില്ലാ നിർവഹണ സമിതി രൂപീകരിച്ചു. ഒക്‌ടോബർ രണ്ടിന്‌ ജില്ലാ, തദ്ദേശ സ്ഥാപന, വാർഡ്‌ തലങ്ങളിൽ ഉദ്‌ഘാടനം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. 13നകം തദ്ദേശ സ്ഥാപനങ്ങളിലെ നിർവഹണ സമിതി രൂപീകരണം പൂർത്തിയാക്കും. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ചെയർപേഴ്സണും കലക്ടർ സ്നേഹിൽ കുമാർ സിങ് കൺവീനറുമായാണ്‌ ജില്ലാ സമിതി രൂപീകരിച്ചത്‌. നവകേരള കർമപദ്ധതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള രണ്ടാം ഘട്ട ജനകീയ ക്യാമ്പയിന്റെ ഏകോപന ചുമതല ഹരിതകേരള മിഷനും എഡിഎമ്മിനുമാണ്‌. ആദ്യ സമ്പൂർണ മാലിന്യമുക്ത ജില്ലയാകാനുള്ള ലക്ഷ്യത്തോടെ സംയുക്ത പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കുടുംബശ്രീ പ്രവർത്തകർ, രാഷ്‌ട്രീയ പാർടികൾ, യുവജന, തൊഴിലാളി, വ്യാപാര-വ്യവസായ സംഘടന, സന്നദ്ധ സംഘടനകൾ, വിദ്യാർഥി സംഘടനകൾ, സർക്കാർ വകുപ്പുകൾ, വിവിധ ഏജൻസികൾ എന്നിവർ പങ്കെടുത്ത യോഗം തീരുമാനിച്ചു. എൻജിഒകളെ ഉൾപ്പെടുത്തിയും സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തിയും പ്രവർത്തനം  വിപുലീകരിക്കണമെന്ന്‌ അഭിപ്രായമുയർന്നു.
യോഗത്തിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ഗവാസ് അധ്യക്ഷനായി. കലക്ടർ ആമുഖാവതരണം നടത്തി. ഹരിതകേരളം കർമപദ്ധതി ജില്ലാ കോ ഓർഡിനേറ്റർ പി ടി പ്രസാദ് ക്യാമ്പയിൻ പദ്ധതിരേഖ അവതരിപ്പിച്ചു. ഫറോക്ക് നഗരസഭാ ചെയർമാൻ എൻ സി അബ്ദുൾ റസാഖ്‌, ജില്ലാ പഞ്ചായത്ത് ആരോഗ്യസമിതി അധ്യക്ഷ നിഷ പുത്തൻപുരയിൽ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ്‌ എം പി ബാബു, എൽഎസ്‌ജിഡി ജോ. ഡയറക്‌ടർ ടി ജെ അരുൺ, അസി. ഡയറക്ടർ പൂജ ലാൽ എന്നിവർ സംസാരിച്ചു. എഡിഎം മുഹമ്മദ് റഫീഖ് സ്വാഗതവും ജില്ലാ ശുചിത്വമിഷൻ കോ -ഓർഡിനേറ്റർ എം ഗൗതമൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top