ഒഞ്ചിയം (കോഴിക്കോട്)
ദേശീയപാതയിൽ വടകരക്കടുത്ത മുക്കാളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ ഡ്രൈവറും യാത്രക്കാരനും മരിച്ചു. കോൺഗ്രസ് നേതാവ് കോടിയേരി പാറാലിലെ കോമത്ത് വീട്ടിൽ എം ജുബിൻ ( 38), മാഹി ചാലക്കര ശ്രീനാരായണ മഠത്തിനടുത്ത ഷജിൽ കളത്തിൽ (51) എന്നിവരാണ് മരിച്ചത്. ബുധൻ രാവിലെ 6.15ന് മുക്കാളി ടെലിഫോൺ എക്സ്ചേഞ്ചിന് സമീപമാണ് അപകടം.
അമേരിക്കയിൽ ഐടി ജീവനക്കാരനായ ഷജിലിനെ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് കാറിൽ കൂട്ടിക്കൊണ്ടുവരികയായിരുന്നു ജുബിൻ. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറിനുള്ളിൽ കുടുങ്ങിയ ഷജിലിനെ ഫയർഫോഴ്സും ചോമ്പാല പൊലീസും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.
വീഴ്‌ചയിൽ കാലിന്റെ എല്ലുപൊട്ടി തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മയെ പരിചരിക്കാൻ അമേരിക്കയിൽനിന്ന് വരികയായിരുന്നു ഷജിൽ. പരേതനായ രത്‌നാകരന്റെയും പ്രസന്നയുടെയും മകനാണ്. ഭാര്യ: ശീതൾ (അമേരിക്ക). മക്കൾ: സിദ്ധാന്ത്, സാൻവി (ഇരുവരും അമേരിക്ക). സഹോദരങ്ങൾ: പ്രഷീൽ (ഇംഗ്ലണ്ട്), വിപിൻ (അമേരിക്ക). സംസ്‌കാരം പിന്നീട്.
യൂത്ത് കോൺഗ്രസ് തലശേരി നിയോജകമണ്ഡലം മുൻ പ്രസിഡന്റും കോടിയേരി ബ്ലോക്ക് സെക്രട്ടറിയുമാണ് ജുബിൻ. മാണിക്കോത്ത് ജയരാജിന്റയും ബീനയുടെയും മകനാണ്. സഹോദരൻ: എം ജിജിൻ (സിപിഐ എം കല്ലിൽതാഴെ മധുനഗർ ബ്രാഞ്ചംഗം). പാറാലിൽ പൊതുദർശനത്തിനുശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..