ഫറോക്ക്
കണ്ണുകളിൽ ഇരുൾ നിറയുമ്പോഴും നാടാകെ വെളിച്ചം പകരുകയാണ് ഒരു അധ്യാപകൻ. മീഞ്ചന്ത ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ പി ടി മുഹമ്മദ് മുസ്തഫയാണ് നാടിനെ നന്മയുടെ വഴിയേ നയിക്കുന്നത്. പാഠപുസ്‌തകത്തിലെ അറിവുകൾക്കുമപ്പുറം സാമൂഹ്യപ്രതിബദ്ധതയുടെയും സ്നേഹത്തിന്റെയും മതനിരപേക്ഷതയുടെയും പാഠങ്ങൾ കുട്ടികൾക്കും സമൂഹത്തിനും പകർന്നുനൽകുന്നു.
സാമൂഹ്യശാസ്ത്ര അധ്യാപകനായ മുസ്തഫ സ്കൂളിൽ താൻ പഠിപ്പിക്കുന്ന വിദ്യാർഥികൾക്കായി "സ്നേഹപൂർവം’ പദ്ധതിയിൽ 11 വീടുകൾ ഇതിനകം നിർമിച്ചുനൽകി. പന്ത്രണ്ടാമത് വീടിന്റെ നിർമാണവും നടക്കുന്നു. സ്വന്തം പ്രദേശമായ നല്ലളത്തെ അൽ ഇഹ്സാൻ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവാസി വിഭാഗത്തിന്റെ പിന്തുണയുമുണ്ട്.
സ്കൂൾ വെൽഫെയർ കമ്മിറ്റി മുഖേന നിർധനരായ 43 സ്കൂൾ വിദ്യാർഥികൾക്ക് മാസാന്ത പഠന സ്കോളർഷിപ്പ്, നിത്യച്ചെലവിനുള്ള സാമ്പത്തിക സഹായം എന്നിവ നൽകുന്നു. കുട നിർമാണം, ശുചീകരണ ലായനി നിർമാണം എന്നിവയിൽ പരിശീലനവും നൽകുന്നു. ഇതോടൊപ്പം പഠന മികവിനായുള്ള സ്കൂൾ ഇംപ്രൂവ്മെന്റ് കമ്മിറ്റി, സ്കൂൾ തനത് പദ്ധതിയായ നന്മ ക്ലബ് തുടങ്ങിയവയുടെ നേതൃത്വവും വഹിക്കുന്നു.
കാഴ്ചപരിമിതരുടെ ക്ഷേമത്തിനായുള്ള നിരവധി സംഘടനകളുടെ പ്രധാന ഭാരവാഹിത്വം വഹിക്കുന്നതിനൊപ്പം 15 വർഷമായി നല്ലളം തോട്ടുങ്ങൽ മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റിയുടെ പ്രസിഡന്റുമാണ്. 2012–-ൽ അംഗപരിമിത വിഭാഗത്തിൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡിനൊപ്പം നിരവധി ബഹുമതികളും ഈ അധ്യാപകനെ തേടിയെത്തി.
നല്ലളം പറക്കാട്ട് പരേതനായ അഹമ്മദ് കോയ–-പി ടി സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ. മക്കൾ: മുഹമ്മദ് അസ്ലം (അധ്യാപകൻ), മുഹമ്മദ് അബീബ്, മുഹമ്മദ് ആരിഫ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..