കോഴിക്കോട്
വിലക്കുറവിന്റെ ഓണമൊരുക്കാൻ ജില്ലയിൽ 14 ചന്തയുമായി സപ്ലൈകോ. കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയം വളപ്പിലെ ജില്ലാ ഓണച്ചന്ത വെള്ളിയാഴ്‌ചയും നിയോജകമണ്ഡലം അടിസ്ഥാനത്തിലുള്ള ചന്തകൾ 10നും തുടങ്ങും. സബ്‌സിഡി നിരക്കിലുള്ള 13 ഇനങ്ങൾക്കുപുറമെ പ്രമുഖ ബ്രാൻഡുകളുടെയടക്കം ഉൽപ്പന്നങ്ങൾക്ക് വമ്പൻ ഓഫറുകളുമായി 14 വരെയാണ് മേള. പഴം, പച്ചക്കറി, മറ്റു നിത്യോപയോഗ സാധനങ്ങൾ എന്നിവയുമുണ്ട്.
സപ്ലൈകോയുടെ സൂപ്പർമാർക്കറ്റുകളിലാണ് മണ്ഡലം അടിസ്ഥാനത്തിലുള്ള ചന്ത ഒരുക്കിയത്. ജില്ലാ മേള വെള്ളി പകൽ 11ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. വടകര, കക്കട്ടിൽ, കല്ലാച്ചി, കൊയിലാണ്ടി, പേരാമ്പ്ര, നന്മണ്ട, ബാലുശേരി, മുക്കം, താമരശേരി, കുന്നമംഗലം, വേങ്ങേരി, ചെറുവണ്ണൂർ, കോവൂർ സൂപ്പർമാർക്കറ്റുകളിലെ മണ്ഡലം ഫെയറുകൾ എംഎൽഎമാർ ഉദ്‌ഘാടനം ചെയ്യും. ഞായറും തുറക്കും. റേഷൻ കാർഡ് മുഖേനയാണ് സബ്‌സിഡി സാധനങ്ങളുടെ വിതരണം.
13 ഇനങ്ങളും സബ്‌സിഡി നിരക്കും കിലോയ്‌ക്ക്: പച്ചരി–- 26 രൂപ, മട്ട അരി–- 30, കുറുവ–- 29, ജയ–- 30, ചെറുപയർ–- 92, ഉഴുന്ന്–- 95, കടല–- 69, പരിപ്പ്–- 111, പഞ്ചസാര–- 27, വൻപയർ–- 75, മുളക് (500 ഗ്രാം)–- 75, മല്ലി (500 ഗ്രാം)–- 39, വെളിച്ചെണ്ണ ലിറ്ററിന്–- 136 രൂപ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..