നാദാപുരം
തൂണേരി വെള്ളൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ സി കെ ഷിബിൻ വധക്കേസിലെ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നടപടി സ്വാഗതാർഹമാണെന്ന് സിപിഐ എം നാദാപുരം ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. 2015 ജനുവരി 22നാണ് ഷിബിനെ മുസ്ലിംലീഗ് ക്രിമിനൽ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. എന്നാൽ, വിചാരണക്കോടതി കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ടിരുന്നു. സംസ്ഥാന സർക്കാരും സിപിഐ എം നാദാപുരം ഏരിയാ കമ്മിറ്റിയുടെ നിർദേശപ്രകാരം ഷിബിന്റെ അച്ഛൻ സി കെ ഭാസ്കരനും നൽകിയ അപ്പീൽ പരിഗണിച്ചാണ് വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയത്. ഒന്നുമുതൽ ആറ് വരെയുള്ള പ്രതികളും 15,16 പ്രതികളും കുറ്റക്കാരാണെന്നും ഹൈക്കോടതി കണ്ടെത്തി. എട്ട് വർഷമായി ഏരിയാ കമ്മിറ്റി നടത്തിയ നിയമപോരാട്ടത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു വിധി ഉണ്ടായത്. 15ന് ഹൈക്കോടതി ശിക്ഷ വിധിക്കും. പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത് സമാധാനം ആഗ്രഹിക്കുന്ന ജനങ്ങൾക്ക് ആശ്വാസം നൽകുന്നതാണെന്ന് സിപിഐ എം ഏരിയാ സെക്രട്ടറി പി പി ചാത്തു പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..