സ്വന്തം ലേഖിക
കോഴിക്കോട്
ജില്ലയിൽ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിർമിച്ച രണ്ട് സ്കൂൾ കെട്ടിടം ശനി രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നാടിന് സമർപ്പിക്കും. മൂന്ന് കോടി രൂപ അനുവദിച്ച ആഴ്ചവട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളും ഒരു കോടി രൂപ അനുവദിച്ച പറയഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളുമാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. സ്കൂൾതല പരിപാടിയിൽ അഹമ്മദ് ദേവർകോവിൽ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്യും.
വിശാലമായ ഡൈനിങ് ഹാളും ആറ് ക്ലാസ്-മുറിയും രണ്ട് വിശ്രമമുറിയും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ശുചിമുറികളും ഉൾപ്പെടുന്ന മൂന്നുനില കെട്ടിടമാണ് ആഴ്ചവട്ടം സ്കൂളിൽ ഒരുങ്ങിയത്. പഴയ കെട്ടിടം പൂർണമായും പൊളിച്ചുമാറ്റിയാണ് പുതിയ ബ്ലോക്ക് പണിതത്. സ്കൂളിലെ ആയിരത്തിൽപ്പരം വിദ്യാർഥികൾക്കാണ് ആധുനികസൗകര്യം പ്രയോജനപ്പെടുക.
പറയഞ്ചേരി സ്കൂളിൽ മൂന്ന് നിലയിലായുള്ള പുത്തൻ ലാബ് സമുച്ചയം യുപി ബ്ലോക്ക് ആയിരുന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് പണിതത്. ഫിസിക്സ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ് ലാബ് സൗകര്യങ്ങളാണ് ഏർപ്പെടുത്തിയത്. എഴുന്നൂറോളം വിദ്യാർഥികളാണ് വിഎച്ച്എസ്-സി വിഭാഗത്തിലുൾപ്പെടെയുള്ളത്.
ഇതോടെ വിദ്യാകിരണം പദ്ധതി പ്രകാരം ജില്ലയിൽ അഞ്ച് കോടി, മൂന്ന് കോടി, ഒരു കോടി രൂപ ഫണ്ട് അനുവദിച്ച 89 സ്കൂൾ കെട്ടിടങ്ങളിൽ 48 എണ്ണത്തിന്റെ പ്രവൃത്തി പൂർത്തിയായി. അഞ്ച് കോടി അനുവദിച്ചതിൽ -13 എണ്ണവും മൂന്ന് കോടി -അനുവദിച്ചതിൽ -20 എണ്ണവും ഒരുകോടി -അനുവദിച്ചതിൽ 15 എണ്ണവുമാണ് പൂർത്തിയായത്. ബാക്കിയുള്ളവയുടെ പ്രവൃത്തി വിവിധഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. സംസ്ഥാനത്താകെ 30 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 12 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടലും ശനിയാഴ്ച നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..