22 December Sunday
ദേശീയപാത പ്രവൃത്തി

ഇന്ന് മുതല്‍ ന​ഗരത്തില്‍ ജലവിതരണം മുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

വേങ്ങേരിയിൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് മാറ്റിസ്ഥാപിക്കുന്ന 
പ്രവൃത്തിയിലേർപ്പെട്ട തൊഴിലാളി

 

സ്വന്തം ലേഖകൻ
കോഴിക്കോട്
ദേശീയപാത 66ന്റെ വികസന പ്രവൃത്തിയുടെ ഭാ​ഗമായി വേങ്ങേരി മുതൽ മലാപ്പറമ്പ് വരെ ജപ്പാൻ കുടിവെള്ള പൈപ്പ് മാറ്റുന്നതും പുതിയത് കൂട്ടിച്ചേര്‍ക്കുന്നതും ആരംഭിച്ചതിന്റെ ഭാ​ഗമായി ചൊവ്വമുതൽ വെള്ളിവരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ശുദ്ധജല വിതരണം നിലയ്ക്കും. നഗരത്തിലേക്കും സമീപത്തെ 13 പ ഞ്ചായത്തുകളിലേക്കും പെരുവണ്ണാമൂഴി ജല ശുദ്ധീകരണശാലയിൽനിന്ന് ശുദ്ധജലമെത്തിക്കുന്ന പൈപ്പ് ലൈനിൽ തിങ്കള്‍ വൈകിട്ടോടെ പമ്പിങ് നിര്‍ത്തി.    
വേങ്ങേരി ബൈപാസ് ജങ്ഷൻ, തടമ്പാട്ടുതാഴം അടിപ്പാതക്ക്‌ സമീപം, ഫ്ലോറിക്കൻ റോഡ്, വേദവ്യാസ ജങ്ഷൻ പരിസരം എന്നിവിടങ്ങളിലാണ് ഒന്നര മീറ്ററോളം വ്യാസമുള്ള പഴയപൈപ്പിൽ പുതിയത്‌ കൂട്ടിയോജിപ്പിക്കേണ്ടത്. ഇതിന്‌ നാല് ദിവസം വേണം.  ഒരേ സമയം നാല് ഭാഗത്തും പ്രവൃത്തി പുരോ​ഗമിക്കും.  
പമ്പിങ് നിര്‍ത്തിവച്ച് കാക്കൂർ, കക്കോടി പൂനൂർ പുഴ, തടമ്പാട്ടുതാഴം അടിപ്പാത എന്നിവിടങ്ങളിൽ പൈപ്പ് ലൈനിലെ വാൽവ് തുറന്ന്‌ വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടു. ഇന്ന് മുതല്‍ പഴയ പൈപ്പ് ലൈനും പുതിയതും കൂട്ടിച്ചേര്‍ക്കും. കൂട്ടിച്ചേർക്കുന്നതിന് വേണ്ടിയാണ് നിലവിലെ പൈപ്പ് വഴിയുള്ള പമ്പിങ് നിർത്തിയത്.
എൻഎച്ച്എഐ ഉദ്യോഗസ്ഥർ, ജല അതോറിറ്റി അധികൃതർ, കലക്ട‌ർ, മേയര്‍, ജനപ്രതിനിധികള്‍ എന്നിവർ പങ്കെടുത്ത  യോഗത്തിലാണ് ശുദ്ധജല വിതരണം നിർത്തിവച്ച്‌ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ചത്.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top