സ്വന്തം ലേഖകൻ
കോഴിക്കോട്
വിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ ഓഫീസുകളെയും ഒരുകുടക്കീഴിലാക്കി നടക്കാവിൽ വിദ്യാഭ്യാസ സമുച്ചയം നിർമിക്കുന്നു. നടക്കാവ് ഗവ. വനിതാ ടിടിഐ കോമ്പൗണ്ടിലാണ് കെട്ടിട സമുച്ചയമൊരുക്കുക. കഴിഞ്ഞദിവസം ചേർന്ന പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗ തീരുമാന പ്രകാരം ആവശ്യമായ മാറ്റംവരുത്തി അന്തിമ പ്ലാൻ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിക്കായി സമർപ്പിക്കും. അനുമതി ലഭിച്ചാൽ ഉടൻ പ്രവൃത്തി തുടങ്ങും.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയുടെ ആസ്‌തി വികസനഫണ്ടിൽനിന്നാണ് ഇതിനാവശ്യമായ ഫണ്ട് അനുവദിക്കുക. ടിടിഐ കോമ്പൗണ്ടിൽ നിലവിലുള്ള കൊട്ടാരം പൊളിച്ചുമാറ്റാതെ പൈതൃക കെട്ടിടമായി നിലനിർത്തും. ഇതിന് സമീപത്താണ് പുതിയ ആറുനില കെട്ടിടം നിർമിക്കുക. ഇതിനായി ഇവിടെയുള്ള ചെറിയ കെട്ടിടങ്ങൾ പൊളിച്ചുനീക്കും. ഇതിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പുതിയ സമുച്ചയത്തിലേക്ക് മാറ്റും.
ആദ്യഘട്ടത്തിൽ 7000 ചതുരശ്രയടിയിൽ മൂന്നുനിലയുടെ നിർമാണം പൂർത്തിയാക്കും. അവശേഷിക്കുന്ന നിർമാണം രണ്ടാംഘട്ടത്തിൽ നടത്തും. കോൺഫറൻസ് ഹാളടക്കം എല്ലാ സൗകര്യങ്ങളോടെയുമാവും കെട്ടിടം നിർമിക്കുകയെന്ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പറഞ്ഞു. സർക്കാരിന്റെ ആർക്കിടെക്ടാണ് കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. മാനാഞ്ചിറയിലെ ഡിഡിഇ ഓഫീസ്, നടക്കാവിലെ കൊട്ടാരത്തിൽ പ്രവർത്തിക്കുന്ന ഡിഇഒ ഓഫീസ്, ബീച്ചിലെ സിറ്റി എഇഒ ഓഫീസ്, എരഞ്ഞിപ്പാലത്തുള്ള ചേവായൂർ എഇഒ ഓഫീസ്, ചിന്താവളപ്പ് ഗവ. യുപി സ്‌കൂൾ കെട്ടിടത്തിലെ റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, നടക്കാവിലെ എസ്‌എസ്‌കെ ഓഫീസ് തുടങ്ങി വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകളെല്ലാം ഇവിടേക്ക് മാറ്റും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..