സ്വന്തം ലേഖകൻ
കോഴിക്കോട്
സൂപ്പർ ആരവത്തിന് ഇനി മണിക്കൂറുകൾ മാത്രം. ഫൈനലിലേക്ക് യോഗ്യതനേടുന്ന ആദ്യ ടീമിനെ ഇന്നറിയാം. രാത്രി 7.30ന് കേരള സൂപ്പർ ലീഗിലെ ആദ്യസെമിക്ക് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ പന്തുരുളും. ആറ് ടീമുകൾ നാലുവേദികളിലായി തിമിർത്ത സൂപ്പർ ലീഗ് ഫുട്‌ബോളിൽ അവശേഷിക്കുന്നത് മൂന്ന് പോരാട്ടം മാത്രം. ഈ മൂന്നുമത്സരങ്ങൾക്കും കോഴിക്കോട് വേദിയാവുന്നതോടെ ജില്ലയിലെ ഫുട്‌ബോൾ പ്രേമികൾ ആഹ്ലാദത്തിലാണ്.
സ്വന്തം തട്ടകത്തിലാണ് കലിക്കറ്റ് എഫ് സി ചൊവ്വാഴ്‌ച പോരാട്ടത്തിനിറങ്ങുന്നത്. തിരുവനന്തപുരം കൊമ്പൻസാണ് എതിരാളികൾ. ആദ്യപതിപ്പിന്റെ ഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇരു ടീമുകൾക്കും വിജയം അനിവാര്യമായതിനാൽ മത്സരം തീപാറും. ലീഗിൽ ഇരു ടീമുകളും രണ്ടുതവണ ഏറ്റുമുട്ടിയപ്പോൾ ആദ്യമത്സരത്തിൽ കലിക്കറ്റിനായിരുന്നു (4-–-1) വിജയം. രണ്ടാമത്തെ മത്സരം സമനിലയിൽ കലാശിച്ചു. പത്തുകളിയിൽ അഞ്ച് ജയവും നാല് സമനിലയുമായി ഒന്നാംസ്ഥാനക്കാർ (19 പോയിന്റ്) എന്ന പകിട്ടോടെയാണ് കലിക്കറ്റ് സെമി ബർത്തുറപ്പാക്കിയത്. 13 പോയിന്റുമായി തിരുവനന്തപുരം കൊമ്പൻസ് നാലാമതായാണ് അവസാന നാലിൽ ഇടംപിടിച്ചത്. മൂന്ന് ജയവും നാല് സമനിലയും.
സ്ഥിരതയോടെ പന്തുതട്ടിയ കലിക്കറ്റിനാണ് മത്സരത്തിൽ മേൽക്കൈ. ആക്രമണോത്സുകതയാണ് ഇയാൻ ആൻഡ്രു ഗില്ലന്റെ ശിക്ഷണത്തിലുള്ള ടീമിന്റെ കരുത്ത്. പരിചയസമ്പത്തും യുവത്വവും സമന്വയിച്ച ടീം കളത്തിലിറങ്ങുമ്പോൾ കോഴിക്കോടിന്റെ മനസ്സും ആരവവും കലിക്കറ്റിനൊപ്പമാവും. ലീഗിൽ വ്യക്തിഗത മികവിൽ മുന്നിൽ നിൽക്കുന്നവരും ഏറെയാണ്. മൂന്ന് ഗോളും മൂന്ന് അസിസ്റ്റുമായി ഗനി അഹമ്മദ് നിഗം, നാല് ഗോളുമായി ടോപ് സ്കോറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ബെൽഫോർട്ട്, ഗോൾ തടയുകയും ഗോളടിക്കുകയും ചെയ്യുന്ന അബ്ദുൽ ഹക്കു, മുഹമ്മദ് റിയാസിനെ പോലുള്ള യുവതാരങ്ങളും ജിജോ ജോസഫ്, ബ്രിട്ടോ ഉൾപ്പടെയുള്ള പരിചയസമ്പന്നരുമാണ് ശക്തി.
കൊമ്പൻസാവട്ടെ നിർണായകമായ അവസാനറൗണ്ടിൽ മലപ്പുറത്തെ തളച്ചാണ് സെമിയിലെത്തിയത്. ബ്രസീലിയൻ കോച്ചും കളിക്കാരുമാണ് കരുത്ത്. ഗോളി മിഖായേൽ സാന്റോസ്, കളംമുഴുവൻ പറന്നുകളിക്കുകയും ഗോൾ സഹായത്തിൽ മുന്നിൽ നിൽക്കുകയും ചെയ്യുന്ന പാട്രിക് മോട്ട, മൂന്ന് ഗോൾ നേടിയ ഓട്ടിമർ ബിസ്‌പൊ എന്നിവരുമുള്ള സെർജിയോ അലക്സാണ്ടർ പരിശീലിപ്പിക്കുന്ന ടീമിനെ പ്രവചനങ്ങൾക്ക് അതീതമാക്കുന്നു. രണ്ടാം സെമി ബുധനാഴ്‌ചയാണ്. രാത്രി 7.30ന് ഫോഴ്‌സ കൊച്ചി എഫ്‌സിയും കണ്ണൂർ വാരിയേഴ്‌സും തമ്മിൽ. ഫൈനൽ പത്തിനാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..