കോഴിക്കോട്
സമാധാനത്തിന് സർക്കുലറിലൂടെ ആഹ്വാനം, സമരമുഖത്ത് നേതാക്കളുടെ ഭീഷണിയും കൊലവിളിയും. കഴിഞ്ഞ ദിവസം കോൺഗ്രസ് നടത്തിയ കമീഷണർ ഓഫീസ് മാർച്ചിലാണ് നേതാക്കളുടെ കാപട്യം വെളിച്ചത്തായത്. സമാധാനത്തിന് ആഹ്വാനം ചെയ്‌തവർ തന്നെ പ്രസംഗത്തിലൂടെ പ്രവർത്തകരെ അക്രമത്തിന് പ്രേരിപ്പിച്ചു. അത് കേട്ട് പ്രവർത്തകർ കല്ലും വടിയുമായി പൊലീസിനുനേരെ തിരിഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഉദ്‌ഘാടന പ്രസംഗശേഷമാണ് സംഘർഷം ആരംഭിച്ചത്. പൊലീസിനുനേരെ കല്ലുകളും വടികളും വലിച്ചെറിഞ്ഞായിരുന്നു തുടക്കം.
സമരം അക്രമത്തിൽ എത്തിച്ചതിനെ ചൊല്ലി ഡിസിസി നേതൃത്വത്തിൽ ഭിന്നത ശക്തമാണ്. സമരം നയിച്ച നേതൃത്വത്തിന് വൻപാളിച്ചയുണ്ടായെന്ന ആരോപണവുമായി ഒരുവിഭാഗം രംഗത്തെത്തി.
കെപിസിസി മെമ്പർമാർ, ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടന ജില്ലാ പ്രസിഡന്റുമാർ എന്നിവർക്ക് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാറാണ് സമരം സമാധാനപരമായിരിക്കണമെന്ന നിർദേശമടങ്ങുന്ന സർക്കുലർ നൽകിയത്.
അക്രമമുണ്ടാക്കാൻ തീരുമാനിച്ചാണ് പ്രത്യേക സർക്കുലർ ഇറക്കിയതെന്നാണ് മറുവിഭാഗം കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസ് സംസ്‌കാരത്തിന് ചേരാത്തതാണ് അക്രമവും അതിന് പ്രേരിപ്പിക്കുന്ന ഡിസിസി പ്രസിഡന്റടക്കമുള്ളവരുടെ പ്രസംഗവുമെന്നും അവർ പറയുന്നു.
അക്രമം കാണിക്കരുത്, പൊലീസ് തടഞ്ഞാൽ റോഡിൽ ഇരിക്കുക, സ്‌റ്റേഷനിൽ അറസ്‌റ്റ് രേഖപ്പെടുത്തിയശേഷമേ പിരിഞ്ഞുപോകാവൂ എന്നിങ്ങനെ സർക്കുലർ ഇറക്കിയ ഡിസിസി പ്രസിഡന്റ് അക്രമത്തിന് പ്രവർത്തകരോട് ആഹ്വാനംചെയ്യുന്ന പ്രസംഗമാണ് നടത്തിയത്. അടിക്കുന്ന പൊലീസുകാരെ വെറുതെ വിടില്ലെന്നും അവരുടെ വീടിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ എത്തുമെന്നും പ്രഖ്യാപിച്ചു. പൊലീസ് കമീഷണറെയും എസിപിയെയും പേരെടുത്തുവിളിച്ച് അധിക്ഷേപിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉദ്‌ഘാടന പ്രസംഗത്തിലൂടെ പ്രവർത്തകർക്ക് എരിവ് പകർന്നു. അതോടെ കുപ്പികളും കല്ലുകളും കൊടികെട്ടിയ വടികളും പൊലീസിനുനേരെ പ്രവഹിക്കാൻ തുടങ്ങി. ജലപീരങ്കി വാഹനത്തിന്റെ ഗ്ലാസുകളും മറ്റും തകർത്തു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..