നാദാപുരം
പൊതുമരാമത്ത് മൂന്ന് കോടി ചെലവിൽ നടപ്പാക്കുന്ന കല്ലാച്ചി ടൗൺ നവീകരണ പദ്ധതിക്കെതിരെ കെട്ടിട ഉടമകൾ കോടതിയെ സമീപിച്ചു. ആറ് ഉടമകളാണ് കല്ലാച്ചി മുൻസിഫ് കോടതിയെ സമീപിച്ചത്.
വ്യാഴാഴ്‌ച രാവിലെ പ്രവൃത്തി ഉദ്‌ഘാടനം നിശ്ചയിച്ചതായിരുന്നു. നേരത്തെ പഞ്ചായത്തും സർവകക്ഷി നേതൃത്വവും കെട്ടിട ഉടമകളുമായും വ്യാപാരികളുമായി നടത്തിയ ചർച്ചയിൽ നവീകരണത്തെ പിന്തുണയ്‌ക്കാൻ ധാരണയായി. എന്നാൽ, ഈ തീരുമാനത്തിന് വിരുദ്ധമായാണ് കോടതിയിൽ ഹർജി നൽകിയത്. ടൗണിന്റെ വികസനപദ്ധതികൾ അട്ടിമറിക്കാൻ ചിലർ ശ്രമിക്കുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇത് ശരിവയ്‌ക്കുന്നതാണ് പുതിയ സംഭവവികാസം.
വ്യാഴാഴ്‌ച നടത്താനിരുന്ന പ്രവൃത്തി ഉദ്ഘാടനവും മാറ്റി. ഗതാഗതക്കുരുക്ക് കാരണം വീർപ്പുമുട്ടുന്ന കല്ലാച്ചി ടൗണിൽ വാഹന പാർക്കിങ്ങിന് സ്ഥലമില്ലാത്തത് കച്ചവടത്തിന് വൻ തിരിച്ചടിയായിരുന്നു. ടൗണിന്റെ 550 മീറ്റർ ഭാഗത്ത് നവീകരണത്തിന് സ്ഥലം വിട്ടുതരുന്ന കെട്ടിടങ്ങളുടെ ബാക്കി ഭാഗം നിലനിർത്താനും ബലപ്പെടുത്താനും അനുമതി നൽകാൻ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. കല്ലാച്ചി ഗാലക്സി ഹൈപ്പർ മാർക്കറ്റ് മുതൽ എസിസി സിമന്റ്സ് വരെയുള്ള ഭാഗമാണ് നവീകരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..