കോഴിക്കോട്
മൃതസഞ്ജീവനിയിലൂടെ പുതുജീവനേകാനൊരുങ്ങി ട്രാൻസ്-വുമൺ. അവയവദാനത്തിന് സന്നദ്ധയായ ജില്ലയിലെ ആദ്യ ട്രാൻസ്ജെൻഡറായിരിക്കുകയാണ് തൊണ്ടയാട് സ്വദേശിനി ദീപാറാണി. മസ്‌തിഷ്ക മരണാനന്തര അവയവദാനത്തിന്റെ നടപടികൾക്കായി മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗത്തെ സമീപിക്കുകയായിരുന്നു.
"മരണശേഷവും നമ്മുടെ ജീവൻ മറ്റൊരാളുടെ ശരീരത്തിലുണ്ടാകും എന്നതിലുപരി ജീവിതം പ്രതിസന്ധിയിലാകുന്നവരുടെ പ്രതീക്ഷ കൂടിയാണിത്. ട്രാൻസ്ജെൻഡർ വിഭാഗത്തിലും ഇതൊരു പ്രചോദനമാകുമെങ്കിൽ സന്തോഷമാണ്'–- ദീപാറാണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നടിയും മോഡലുമായ ദീപാറാണി അന്തരം, ഡികോഡ് എന്നീ സിനിമകളിലും "1000 ബേബീസ്' വെബ്സീരീസിലും അഭിനയിച്ചു.
2012ലാണ് സംസ്ഥാന സർക്കാർ മസ്‌തിഷ്കമരണാനന്തര പദ്ധതിയായ മൃതസഞ്ജീവനി ആരംഭിച്ചത്. കെഎസ്ഒടിടിഒ (കേരള സ്റ്റേറ്റ് ഫോർ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്-പ്ലാന്റ് ഓർഗനൈസേഷൻ)യുടെ മേൽനോട്ടത്തിലാണ് പദ്ധതി. ജില്ലയിൽ മാത്രം ഇരുനൂറോളം പേര്‍ വൃക്ക ദാനം ചെയ്യുന്നതിനായി മൃതസഞ്ജീവനിയിൽ രജിസ്റ്റര്‍ ചെയ്തതായി ഡോ. ജയകുമാര്‍, ഡോ. ഹിജാസ് എന്നിവര്‍ പറഞ്ഞു.
മരണാനന്തര
അവയവദാനത്തിന് രജിസ്റ്റര്‍
ചെയ്യുന്നതെങ്ങനെ?
മരണാനന്തര അവയവദാനത്തിനായി നാഷണല്‍ ഓര്‍ഗന്‍ ഡോണര്‍ രജിസ്ട്രിയുടെ notto.abdm.gov.in/register എന്ന ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ നമ്പര്‍ ഉപയോഗിച്ചാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. രജിസ്‌ട്രേഷന്‍ വിജയകരമായാല്‍ ഡോണര്‍ കാര്‍ഡ് ലഭിക്കും. ഈ കാര്‍ഡില്‍ ഫോട്ടോയും രജിസ്‌ട്രേഷന്‍ വിവരങ്ങളും ഉണ്ടാകും. കാര്‍ഡ് പ്രിന്റ് രൂപത്തിലോ ഡിജിറ്റല്‍ രൂപത്തിലോ സൂക്ഷിക്കാം. രജിസ്‌ട്രേഷന്‍ വിവരം അടുത്ത ബന്ധുക്കളെ അറിയിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..