22 December Sunday

അതിവേഗം 
അതിജീവനം

സി രാഗേഷ്Updated: Tuesday Aug 6, 2024

വിലങ്ങാട് വീട് ശുചീകരണത്തിനെത്തിയ യൂത്ത് ബ്രിഗേഡ് അംഗങ്ങൾ ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ പാറ നീക്കുന്നു

നാദാപുരം 
ഉരുൾപൊട്ടലിൽ വൻ നാശമുണ്ടായ വിലങ്ങാട് മലയോരം അതിജീവനത്തിന്റെ പാതയിലൂടെ തിരിച്ചുവരുന്നു. ഉരുട്ടി പാലം മുതൽ പാനോം വരെയുള്ള പ്രദേശങ്ങളിലെ വൈദ്യുതിബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വടകര താലൂക്കിലെ വിവിധ സെക്‌ഷനുകളിൽനിന്ന്‌ എൻജിനിയർമാർ, ഓവർസിയർമാർ, ജീവനക്കാരും താൽക്കാലിക ജീവനക്കാരും ഉൾപ്പെടെ 150ലേറെ പേരുടെ കഠിനപ്രയത്‌നത്തിലൂടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. നിരവധി പോസ്റ്റുകളും ട്രാൻഫോർമറുകളും തകർന്നിരുന്നു. 
വൻ നാശനഷ്ടമുണ്ടായ വിലങ്ങാട് ടൗണിലെ കടകൾ തുറന്നു. നാശനഷ്ടം കണക്കാക്കാനായി റവന്യു, കൃഷി വകുപ്പുകളുടെ നേതൃത്വത്തിൽ വിലങ്ങാട് സ്കൂളിൽ പ്രത്യേക ക്യാമ്പ് നടത്തി വിവരങ്ങൾ ശേഖരിച്ചു. വടകരയിൽ ആർഡിഒ പൊതുമരാമത്ത് എൻജിനിയർമാരുടെ യോഗം വിളിച്ച്‌ റോഡ്, പാലങ്ങൾ എന്നിവയുടെ പ്രവൃത്തി സംബന്ധിച്ച് ചർച്ച നടത്തി.  
ഉരുൾപൊട്ടലിൽ ഏഴ് പാലങ്ങളാണ് തകർന്നത്. മഞ്ഞച്ചീളി, വായാട് പാനോം പാലം, മുച്ചങ്കയം, മയങ്ങാട് പ്രദേശങ്ങളിൽ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് മരത്തടികൊണ്ട് താൽക്കാലിക പാലം നിർമിച്ച്‌ നടന്നുപോകാനുള്ള വഴി ഒരുക്കി. വിലങ്ങാട് ടൗൺ പാലത്തിന്റെ  തകർന്ന ഭാഗം മണ്ണിട്ടുമൂടി താൽക്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്. 
ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നത് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താൻ കെആർഎഫ്ബി എസ്റ്റിമേറ്റ് തയ്യാറാക്കി. മലവെള്ളപ്പാച്ചിലിൽ മണ്ണും ചെളിയും മാലിന്യങ്ങളും ഒഴുകിയെത്തി വാസയോഗ്യമല്ലാതായ വീടുകൾ യൂത്ത് ബ്രിഗേഡും സന്നദ്ധ പ്രവർത്തകരും ശുചീകരിച്ച്‌ വാസയോഗ്യമാക്കി. ഇ കെ വിജയൻ എംഎൽഎ, നോഡൽ ഓഫീസർ ആർഡിഒ അൻവൻ സാദത്ത് എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്താണ്‌ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. 
ദുരിതാശ്വാസ ക്യാമ്പുകളിൽ അലോപ്പതി, ആയുർവേദ മെഡിക്കൽസംഘം പരിശോധനയും മരുന്നും വിതരണംചെയ്യുന്നു. പരപ്പുപാറ കുടുംബാരോഗ്യ കേന്ദ്രത്തിലെയും മറ്റ് ആശുപത്രികളിലെയും ഡോക്ടർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും നഴ്സുമാരും ആശാവർക്കർമാരും പ്രവർത്തന രംഗത്തുണ്ട്. ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുപോകാൻ ആംബുലൻസുകളും സജ്ജമാണ്‌. 
സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ സേവനവും ക്യാമ്പുകളിൽ ലഭിക്കുന്നുണ്ട്. ഒരു വിധത്തിലുള്ള പകർച്ചവ്യാധികളും ക്യാമ്പിലില്ലെന്നും ജീവിതശൈലീ രോഗങ്ങൾ മാത്രമാണുള്ളതെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു. ക്യാമ്പുകളിൽ ആവശ്യത്തിനുള്ള കുടിവെള്ളവും ഭക്ഷണ സാധനങ്ങളും യുവജന സംഘടനകളും  സ്ഥാപനങ്ങളും പഞ്ചായത്ത് വഴി എത്തിക്കുന്നുണ്ട്. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top