28 December Saturday
മത്സ്യസമ്പത്ത് നശിക്കുന്നു

ഇരട്ടവലയിൽ മീൻപിടിത്തം തകൃതി

സ്വന്തം ലേഖകൻUpdated: Friday Sep 6, 2024
ഫറോക്ക്  
നിയമപരമായി നിരോധിക്കപ്പെട്ട വലകളുപയോഗിച്ച് മത്സ്യസമ്പത്തിന്റെ നാശത്തിനും പരമ്പരാഗത മത്സ്യബന്ധനത്തിന് ഉപദ്രവകരവുമായും മീൻപിടിത്തം ജില്ലയിൽ വ്യാപകം. രണ്ട്‌ ബോട്ടുകൾ ചേർന്ന് ഇരട്ട വലകൾ ഉപയോഗിച്ചുള്ള പെയർ ട്രോളിങ്ങിലൂടെ മലബാറിലെ ആഴക്കടലും തീരക്കടലും ഒരുപോലെ അരിച്ചുപെറുക്കുകയാണ്. ഈ അനധികൃത മീൻ പിടിത്തത്തിലുടെ കോടികളുടെ മത്സ്യസമ്പത്താണ്  നശിപ്പിക്കപ്പെടുന്നത്.
പ്രധാനമായും ഇതര സംസ്ഥാനങ്ങളിലെ  മത്സ്യത്തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് നിരോധിത രീതിയിലുള്ള ഇരട്ട വല (പോത്തൻ വല)കളുപയോഗിച്ചുള്ള മീൻപിടിത്തം. തെക്കൻ ജില്ലകളിൽ മത്സ്യത്തൊഴിലാളി മേഖലയിൽനിന്നുതന്നെ എതിർപ്പ്‌ നേരിട്ടതോടെ മലബാർ മേഖലയിൽ മുഖ്യമായും ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് കടൽക്കൊള്ള. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ജില്ലയിൽ ഏതാനും ബോട്ടുകൾ ഫിഷറീസ് അധികൃതർ പിടികൂടിയിരുന്നു.
കൂറ്റൻ ബോട്ടുകൾ ആഴക്കടലിലും തീരക്കടലിലും ഒരുപോലെ നിരോധിത പെലാജിക് വലകളുപയോഗിച്ച് മത്സ്യം അപ്പാടെ കോരിയെടുക്കുന്ന രീതിയാണ് പെയർ പ്രോളിങ്. ഈ നിലയിൽ കടലാകെ വലവിരിച്ച് മീൻ ഒന്നിച്ച് കോരിയെടുക്കുമ്പോൾ വളർച്ചയെത്താത്ത ചെറു മത്സ്യങ്ങളും നിരവധി കടൽ ജീവികളും വലയിൽ കുടുങ്ങി ചത്തൊടുങ്ങും. പിടിച്ചെടുത്ത ചെറു മത്സ്യവും ഭക്ഷ്യയോഗ്യമല്ലാത്ത കടൽ ജീവികളെയും ഒന്നിച്ച് വളം, കാലിത്തീറ്റ നിർമാണ കമ്പനികളിലേക്ക് കയറ്റി അയക്കുകയാണ് പതിവ്. 
ആഴക്കടലിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനം കണ്ടെത്തി തടയാൻ അധികൃതർക്കുള്ള പ്രായോഗിക തടസ്സങ്ങളാണ് ഒരുവിഭാഗം മുതലെടുക്കുന്നത്. തമിഴ്നാട്ടിൽ കർശന നിയന്ത്രണമുള്ള ഇരട്ട വല മീൻ പിടിത്തം കേരളത്തിൽ വ്യാപകമായി നടത്തുന്നവരിൽ ഏറെയും തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ്. ബോട്ടുടമകൾ കന്യാകുമാരി കൊളച്ചൽ മേഖലയിൽനിന്നും ഉത്തരേന്ത്യയിൽനിന്നുമുള്ള തൊഴിലാളികളെയാണ്‌ ഉപയോഗപ്പെടുത്തുന്നത്‌. അർധരാത്രിയാണ് കൂടുതലായും നിയമവിരുദ്ധ മീൻ പിടിത്തം.
നിയമ വിരുദ്ധ മത്സ്യ ബന്ധനത്തിനെതിരെ കർശന  നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് അസി.ഡയറക്ടർ വി സുനീർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top