17 September Tuesday
ജനകീയ സമിതിയുടെ ജാഗ്രതക്കുറവുണ്ടായി

കുടിവെള്ള സ്രോതസ്സുകളുടെ 
പരിശോധന‌ക്ക്‌ സ്ഥിരം സംവിധാനം

സ്വന്തം ലേഖികUpdated: Friday Sep 6, 2024
 
കോഴിക്കോട് 
കോർപറേഷൻ പരിധിയിൽ ജനകീയ സമിതികളുടെ കീഴിലുള്ള കുടിവെള്ള സ്രോതസ്സുകളിൽ സ്ഥിരം പരിശോധന‌ക്ക്‌  സംവിധാനമൊരുക്കുമെന്ന്‌ ആരോഗ്യ സമിതി ചെയർപേഴ്‌സൺ ഡോ. എസ് ജയശ്രീ പറഞ്ഞു. കൊമ്മേരിയിൽ മഞ്ഞപ്പിത്തം പടർന്ന സാഹചര്യത്തിൽ കോർപറേഷൻ വിളിച്ച ജനകീയ സമിതിയുടെ യോഗത്തിലാണ്‌ തീരുമാനം.
ജനകീയ സമിതികളുടെ മേൽനോട്ടത്തിൽ നടപടി കൈക്കൊള്ളണം. കുടിവെള്ള സ്രോതസ്സുകളിൽ നിശ്ചിത ഇടവേളകളിൽ ക്ലോറിനേഷൻ നടന്നിട്ടുണ്ടോയെന്നത് സർക്കിൾ ഇൻസ്‌പെക്ടർമാർ പരിശോധിക്കും. ഇത്‌ സംബന്ധിച്ച രജിസ്റ്റർ പ്രത്യേകം സൂക്ഷിക്കണം. മഞ്ഞപ്പിത്തത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തതവന്നിട്ടില്ല. കുടിവെള്ള പദ്ധതിയുടെ ടാങ്ക്‌ ശുചിത്വം ഉറപ്പാക്കുന്നതിൽ പരിപാലന ചുമതലയുള്ള ജനകീയ സമിതി‌ക്ക്‌ വീഴ്‌ചയുണ്ടായിട്ടുണ്ട്‌. വെള്ളം ശേഖരിച്ച ടാങ്കിൽ ശുചിത്വമോ ക്ലോറിനേഷനോ നടത്തിയിരുന്നില്ല. 
ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ ചെറിയ അളവിൽ വെള്ളത്തിൽ ഇ–-കോളി ബാക്ടീരിയ കാണാറുണ്ട്‌. ഇവിടെ 100 മില്ലീ ലിറ്ററിൽ 40ആണ്‌ ഇ–-കോളി അളവ്‌. വെള്ളത്തിൽ ഇത്‌ അനുവദനീയമല്ല. എങ്കിലും  11 മുതൽ -100 വരെ മീഡിയം റിസ്‌ക്‌ വിഭാഗത്തിലാണ്‌. അതുകൊണ്ടുതന്നെ ഇതുകൊണ്ട്‌ മാത്രം മഞ്ഞപ്പിത്തമുണ്ടായി എന്ന്‌ പറയാനാവില്ല. ഇക്കാര്യത്തിൽ കൂടുതൽ പരിശോധന നടക്കുന്നുണ്ട്. 98 ലാണ്‌ ഈ കുടിവെള്ള പദ്ധതി നടപ്പാക്കിയത്‌. അന്നിവിടെ വീടുകൾ കുറവായിരുന്നു. ഇന്ന്‌ ജനസാന്ദ്രത കൂടി. അതും പരിഗണിക്കണമെന്നതിനാൽ  പ്രദേശത്തെ സെപ്‌റ്റിക്‌ ടാങ്കുകളും വീടുകളും സംബന്ധിച്ച അകലവും പൈപ്പിൽ വിള്ളലുണ്ടോ എന്നും പരിശോധിക്കും. 
ഈ പദ്ധതിയിലെ രണ്ട് കിണറുകളിലെ വെള്ളം 28, 29, 30 വാർഡുകളിലുള്ളവരാണ്‌ ഉപയോഗിക്കുന്നത്.   ഇത്‌ കൃത്യമായി കോർപറേഷൻ ക്ലോറിനേഷൻ ചെയ്യാറുണ്ട്‌. ഇതിൽ 30ാം  വാർഡിലെ 25 പേർക്ക്‌ മാത്രമാണ്‌  മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.  
മഞ്ഞപ്പിത്ത ബാധ നിയന്ത്രിക്കാൻ പ്രദേശത്ത്‌ വേണ്ട നടപടി കൈക്കൊള്ളും. പ്രത്യേക ക്യാമ്പയിൻ നടത്തും. ജലസ്രോതസ്സുകൾ പരിശോധിക്കും. ബോധവത്കരണ ക്ലാസ്‌ സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top