21 November Thursday

സ്കൂൾ കെട്ടിടങ്ങൾ 
നാടിന്‌ സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

പറയഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ലാബ് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തശേഷം അഹമ്മദ് ദേവർകോവിൽ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു

കോഴിക്കോട്
ജില്ലയിൽ നവകേരള കര്‍മപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി ഫണ്ട് വിനിയോ​ഗിച്ച് നിർമിച്ച രണ്ട് സ്കൂൾ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ആഴ്ചവട്ടം ​ഗവ. ഹയർ സെക്കൻഡറി, പറയഞ്ചേരി ​ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളുകളുടെ കെട്ടിട ഉദ്ഘാടനമാണ് ഓൺലൈനായി നടന്നത്. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. രണ്ട്‌ സ്‌കൂളിലും ശിലാഫലകം അനാച്ഛാദനം അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ നിർവഹിച്ചു.
മൂന്ന് കോടി രൂപ അനുവദിച്ച്‌ ആഴ്ചവട്ടം സ്കൂളിൽ വിശാലമായ ഡൈനിങ് ഹാളും ആറ് ക്ലാസ്-മുറിയും രണ്ട് വിശ്രമമുറിയും ശുചിമുറികളും ഉൾപ്പെടുന്ന മൂന്നുനില കെട്ടിടമാണ് ഒരുക്കിയത്. സ്കൂളിലെ പരിപാടിയിൽ കൗൺസിലർ എൻ സി മോയിൻകുട്ടി അധ്യക്ഷനായി. കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷ സി രേഖ, കൗണ്‍സിലര്‍മാരായ ഓമന മധു, കവിത അരുണ്‍, എം സി അനില്‍കുമാര്‍, ആര്‍ഡിഡി എം സന്തോഷ് കുമാര്‍, ഡിഡിഇ സി മനോജ് കുമാര്‍, വിദ്യാകിരണം മിഷന്‍ കോ -ഓർഡിനേറ്റര്‍ വി വി വിനോദ്, ഡയറ്റ് പ്രിന്‍സിപ്പൽ ഡോ. യു കെ അബ്ദുൾ നാസര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പൽ ബീന പൂവത്തില്‍ സ്വാഗതവും പ്രധാനാധ്യാപകൻ പി ഓംകാരനാഥന്‍ നന്ദിയും പറഞ്ഞു. ഇന്‍കെല്‍ പ്രോജക്ട് ഡയറക്ടര്‍ ടി എം ഷാനിദ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 
പറയഞ്ചേരി സ്‌കൂളിൽ 
ലാബ്‌ സമുച്ചയം
പറയഞ്ചേരി ​ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് നിലയിൽ ഒരു കോടി രൂപ ചെലവിൽ പുത്തൻ ലാബ് സമുച്ചയമാണ് നിർമിച്ചത്. ഫിസിക്സ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ് ലാബ് സൗകര്യമാണ് ഏർപ്പെടുത്തിയത്. വിഎച്ച്എസ്ഇ വിഭാഗത്തിന് കോര്‍പറേഷന്‍ അനുവദിച്ച ശുചിമുറി ബ്ലോക്കിന്റെ ഉദ്ഘാടനവും നടന്നു. സി രേഖ അധ്യക്ഷയായി. കോര്‍പറേഷന്‍ എക്‌സി. എൻജിനിയര്‍ എം വി സന്തോഷ് റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സ്ഥിരംസമിതി ചെയര്‍മാന്‍ പി ദിവാകരന്‍, ജിജിഎച്ച്എസ്എസ് പ്രിന്‍സിപ്പൽ സദാനന്ദന്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പൽ കെ പി അഷ്‌റഫ്, പിടിഎ പ്രസിഡന്റ് കെ ടി അഫ്‌സല്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പൽ കെ ദേവദാസന്‍ സ്വാഗതവും പ്രധാനാധ്യാപിക കെ ഗീത നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top