കോഴിക്കോട്
ഒരു രാത്രിയെ മാത്രം ക്യാൻവാസാക്കി കഥ പറഞ്ഞ "ത്രയം' സിനിമ കൗതുകമായപ്പോൾ തിയറ്ററിൽ നിറഞ്ഞ കൈയടി നേടിയ ഒരു മിടുക്കനുണ്ട്. ഡൗൺ സിൻഡ്രോം എന്ന വെല്ലുവിളിക്ക് മുമ്പിൽ പതറാതെ, സിനിമാതാരമാകണമെന്ന ആഗ്രഹം സഫലമാക്കിയ ഗോപീകൃഷ്ണൻ.
സമൂഹമാധ്യമത്തിൽ വൈറലായ ടിക്-ടോക് വീഡിയോകളാണ് ഗോപിക്ക് സിനിമയിലേക്കുള്ള അവസരം തുറന്നത്. "തിരികെ'യ്ക്കും "ഇടിയൻ ചന്തു'വിനും ശേഷം മൂന്നാമത്തെ ചിത്രമാണ് "ത്രയം'. ഓട്ടോ ഉടമയായ ജോകുട്ടന്റെ വേഷമാണ് ചെയ്തത്. മകനെ താരമാക്കിയത് അമ്മ രഞ്ജിനി വർമയുടെ പ്രോത്സാഹനം കൂടിയാണ്.
""കേന്ദ്രകഥാപാത്രമായി അഭിനയിച്ച "തിരികെ' കണ്ടാണ് "ത്രയ'ത്തിലേക്ക് അവസരം ലഭിച്ചത്. കുട്ടിക്കാലം തൊട്ടേ ഏത് സിനിമ കണ്ടാലും നായകനെ അനുകരിക്കുമായിരുന്നു. ഇത്തരം കുഞ്ഞുങ്ങളെ സമൂഹം സഹതാപത്തോടെ മാറ്റിനിർത്തുകയാണ് പതിവ്. ഇവർക്ക് പ്രത്യേക പരിഗണനയല്ല വേണ്ടത്; എല്ലാ മേഖലയിലും ശോഭിക്കാനുള്ള അവസരമാണ് നൽകേണ്ടത്''–- മ്യൂസിക് തെറാപ്പിസ്റ്റ് കൂടിയായ രഞ്ജിനി വർമ പറഞ്ഞു.
"തിരികെ'യിലെ അഭിനയത്തിലൂടെ ഗോപീകൃഷ്ണൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടംനേടി. എൽഐസി ഉദ്യോഗസ്ഥനായ അച്ഛൻ കിഷോറും സഹോദരി മാളവികയും ഗോപിക്ക് പ്രോത്സാഹനമായി കൂടെയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..