23 November Saturday
ഇത്‌ എ കെ ജി ഭവൻ

ആർക്കും വന്നിരിക്കാം, വായിക്കാം

വി ബൈജുUpdated: Wednesday Nov 6, 2024

 

 
 
പുതിയങ്ങാടി
ലോക സാഹിത്യനഗരമായ കോഴിക്കോടിന്‌ സർഗാത്മക പിന്തുണ നൽകുകയാണ് സിപിഐ എം കോഴിക്കോട് നോർത്ത് ഏരിയാ കമ്മിറ്റി ഓഫീസായ എ കെ ജി ഭവൻ. പാർടി ഏതുമായിക്കൊള്ളട്ടെ, ആർക്കും ഇവിടെ വന്നിരുന്ന്‌ വായിക്കാം, അറിവ്‌ നേടാം. സാമൂഹ്യസേവനത്തിനൊപ്പം പുതിയ വായന സംസ്‌കാരത്തിനും പുതിയങ്ങാടിയുള്ള എ കെ ജി ഭവൻ വാതിൽ തുറന്നിടുന്നു. ഇവിടുത്തെ തുറന്ന വായനശാല ഇതിനകം മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞു.
മൂവായിരത്തിലധികം പുസ്തകങ്ങളിൽ രാമായണവും മഹാഭാരതവും ഉപനിഷത്തുക്കളും  കവിതകളും കഥകളും സാഹിത്യനിരൂപണങ്ങളും നോവലുകളും കമ്യൂണിസ്‌റ്റ്‌ ഗ്രന്ഥങ്ങളുമൊക്കെയുണ്ട്‌. 
വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കുമുള്ള റഫറൻസ് പുസ്തകങ്ങളും എതിർ രാഷ്ട്രീയ ആശയങ്ങളടങ്ങിയ പുസ്തകങ്ങളുമായി പൊതുജനങ്ങൾക്ക് ഉപകരിക്കുംവിധം ലൈബ്രറി തുറന്നുകിടക്കുകയാണ്. താഴത്തെ നിലയിലെ ലോബിയിൽ വന്നിരുന്ന്‌ വായിക്കാം. 
പാർടി യോഗങ്ങളെല്ലാം മുകളിലത്തെ നിലയിലാക്കി വായനക്ക് ഭംഗം വരാതെയാണ് സജ്ജീകരണം. ഇക്കഴിഞ്ഞ 26ന് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്ത ഓഫീസ് കെട്ടിടം നിർമാണ ചാരുതകൊണ്ട് ജനശ്രദ്ധ നേടി. ഹരിതപ്രോട്ടോക്കോൾ നിർമാണ രീതിയാണ്‌ അവലംബിച്ചിരിക്കുന്നത്‌. നിരവധിയാളുകളാണ് കാണാനായി എത്തുന്നത്.
ഒരു വിപ്ലവ പാർടിയുടെ ഓഫീസ്‌  ബഹുജനങ്ങൾക്കാകെ അനുഭവിക്കാവുന്ന സാംസ്‌കാരിക കേന്ദ്രം കൂടിയായിരിക്കണമെന്ന സങ്കൽപ്പമാണ്‌ പകരുന്നത്‌. മുൻ എംഎൽഎ എ പ്രദീപ്കുമാറിന്റെ  ശ്രദ്ധയും ഇടപെടലുമാണിതിന്‌ പിന്നിൽ. ജില്ലാ കമ്മിറ്റിയംഗം ടി വി നിർമലൻ, ഏരിയാ സെക്രട്ടറി കെ രതീഷ് എന്നിവരും ഇത്‌ ജനകീയ ഇടമാക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട്‌ സ്വീകരിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top