25 November Monday

അവയവദാന ആശുപത്രി: കരട്‌ ഡിപിആറായി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

 കോഴിക്കോട്‌

 ചേവായൂരിൽ  നിർമിക്കാനൊരുങ്ങുന്ന അവയവമാറ്റ ആശുപത്രിയുടെ കരട്‌ വിശദ പദ്ധതിരേഖ തയ്യാറായി. അംഗീകാരത്തിനായി കിഫ്‌ബിയിൽ സമർപ്പിച്ചു. തടസ്സങ്ങളോ തിരുത്തലുകളോ ഇല്ലെങ്കിൽ ടെൻഡർ നടപടികളിലേക്ക്‌ കടക്കും. നിർവഹണ ഏജൻസിയായ എച്ച്‌എൽഎൽ ഇൻഫ്രാടെക്‌ സർവീസസ്‌ ലിമിറ്റഡാണ്‌ കരട്‌ റിപ്പോർട്ട്‌  തയ്യാറാക്കിയത്‌. കെട്ടിടനിർമാണത്തിന്‌ മുന്നോടിയായി സ്ഥലം തിട്ടപ്പെടുത്തുന്നതിനുള്ള സർവേ നടപടിയും പൂർത്തിയായി. 
ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഓർഗൻ ട്രാൻസ്‌പ്ലാന്റേഷന്‌ ഭൂമി കൈമാറുന്നതിന്റെ മുന്നോടിയായാണ്‌ സർവേ നടത്തിയത്‌. സ്‌കെച്ച്‌ തയ്യാറാക്കൽ അവസാന ഘട്ടത്തിലാണ്‌. 30 വർഷം വീതം പാട്ടവ്യവസ്ഥയിലാണ്‌ ഭൂമി നൽകുക. 25 ഏക്കർ ഭൂമിയിൽ രണ്ടുവർഷത്തിനകം ആശുപത്രിയും ഗവേഷണകേന്ദ്രവും ഉയരും. 
കെട്ടിടം നിർമിക്കുംവരെ  മെഡിക്കൽ കോളേജിലെ പിഎംഎസ്‌എസ്‌വൈ ബ്ലോക്കിൽ  താൽക്കാലിക ആശുപത്രി പ്രവർത്തനം തുടങ്ങാനുള്ള പ്രാരംഭ നടപടി പുരോഗമിക്കുകയാണ്‌. ഓപ്പറേഷൻ തിയേറ്റർ സജ്ജീകരിച്ചു. അവയവമാറ്റ ശസ്‌ത്രക്രിയകൾക്കുള്ള  ഉപകരണങ്ങൾ വാങ്ങിക്കാനായി കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷന്‌ നിർദേശം നൽകിയിട്ടുണ്ട്‌.  താൽക്കാലിക ആശുപത്രിയിൽ  40 കിടക്കകൾ, ഓപ്പറേഷൻ തിയേറ്റർ, ഐസിയു സൗകര്യങ്ങളുണ്ടാവും. കിഫ്‌ബിയിൽ  558.68 കോടി രൂപയാണ്‌ ആശുപത്രിക്കും ഗവേഷണ കേന്ദ്രത്തിനുമായി  അനുവദിച്ചത്‌.  
ചേവായൂരിലെ നിർദിഷ്ട ആശുപത്രിയിൽ  510 കിടക്കകളുണ്ടാവും. വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം, കോർണിയ, മജ്ജ, കൈകാലുകൾ, മുഖം, തൊലി, പേശികൾ, പാൻക്രിയാസ്‌, കുടൽ തുടങ്ങി എല്ലാ അവയവങ്ങളും മാറ്റിവയ്‌ക്കാനാവും. സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച്‌  40 ശതമാനം കുറഞ്ഞ ചെലവിൽ അവയവമാറ്റം സാധ്യമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top