22 December Sunday
ആവേശം വാനോളം

കലിക്കറ്റിന്റെ ഉയിർപ്പ്‌

സ്വന്തം ലേഖകൻUpdated: Wednesday Nov 6, 2024

 

 
കോഴിക്കോട്
കാൽപ്പന്തുകളിയുടെ ആവേശം പെരുമ്പറകൊട്ടി കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം. സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിയും തിരുവനന്തപുരം കൊമ്പൻസും മൈതാനത്ത് ഏറ്റുമുട്ടിയപ്പോൾ ഗ്യാലറികളിൽ പതിനായിരങ്ങളായ ആരാധകരുടെ ആവേശം അണപൊട്ടി. വാദ്യമേളങ്ങളും കൈയടിയും നൃത്തങ്ങളുമായി പന്തിനൊപ്പം അവരും നൃത്തമാടി. പൂത്തിരികളും അമിട്ടും ആകാശത്ത് വർണമഴ പെയ്യിച്ചു. സൂപ്പർലീഗിലെ ആദ്യസെമിയെ ഫുട്‌ബോളിന്റെ തട്ടകമായ കോഴിക്കോട്‌ ഹൃദയത്തിലേറ്റി. 
കളിയുടെ ആദ്യ പത്തുമിനിറ്റ്‌ കൊമ്പൻസിന്റെ കൈകളിലായിരുന്നെങ്കിൽ പിന്നീട് കലിക്കറ്റ് കളം നിറഞ്ഞു. എങ്കിലും കിട്ടിയ സുവർണാവസരങ്ങൾ ഹോം ഗ്രൗണ്ടിൽ കളഞ്ഞുകുളിച്ചപ്പോൾ ആരാധകരും തലയിൽ കൈവച്ചു. കലിക്കറ്റിന്റെ ഗോളിനായി ഗ്യാലറിയിൽനിന്ന്‌ ആരവം ഉയരുന്നതിനിടെയാണ്‌ കൊമ്പൻസിന്‌ അനുകൂലമായ പെനാൽട്ടി വിധിച്ചത്‌. കിക്കെടുത്ത ഒട്ടേമർ ബിസ്പോ വെടിച്ചീളുകണക്കെ പന്ത് കലിക്കറ്റിന്റെ ഗോൾവല തുളച്ചിറക്കി (1–-0).  
രണ്ടാം പകുതി തുടക്കത്തിൽ തന്നെ കലിക്കറ്റിനെ നിരാശയിലാഴ്ത്തി നായകൻ അബുൾ ഹക്കിന്റെ മടക്കം. ഗോളി വിശാലുമായി കൂട്ടിമുട്ടി പരിക്കേറ്റ ഹക്കിന്‌ കളം വിടേണ്ടിവന്നു. 
അതിനിടെ ഒട്ടും ഫോമിലല്ലാതിരുന്ന ഏണസ്റ്റോയെ വലിച്ച്‌ ജോൺ കെന്നഡിയെ പകരക്കാരനായിറക്കി. ഒരു മിനിറ്റിനുള്ളിൽ കെന്നഡി ലക്ഷ്യം കണ്ടു. ഗോളിയുടെ ഇടത് വിങ്ങിലൂടെ റാഫേൽ നൽകിയ പാസ് ബ്രിട്ടോയിലൂടെ കെന്നഡിയുടെ കാലുകളിലെത്തി. പിറന്നത്‌ സുന്ദരമായ ഗോൾ (1–-1). ഗ്യാലറികളിൽ ആരവം ആഘോഷമായി. 13ാം മിനിറ്റിൽ  കോഴിക്കോട്ടുകാരനായ ഗനി അഹമ്മദിന്റെ കിടിലൻ ഷോട്ട്‌. കെന്നഡിയുടെ ബൈസിക്കിൾ ഷോട്ട്‌ ബാറിന് തട്ടി മടങ്ങിയപ്പോൾ പിറകിലൂടെ കുതിച്ചെത്തിയ ഗനി വലയ്ക്കുള്ളിലേക്ക് തൊടുത്ത് വിട്ടു (1–-2). 18,897പേരാണ്‌ ആദ്യസെമി കാണാൻ കോഴിക്കോട്ടെത്തിയത്‌. 
ഇന്ന്‌  
ഫോഴ്‌സ കൊച്ചിയും കണ്ണൂർ വാരിയേഴ്‌സും
സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിലെ രണ്ടാം സെമിയിൽ ഫോഴ്‌സ കൊച്ചി കണ്ണൂർ വാരിയേഴ്‌സിനെ നേരിടും. ബുധനാഴ്‌ച രാത്രി ഏഴരയ്‌ക്ക്‌ കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലാണ്‌ മത്സരം. ലീഗിൽ 16 പോയിന്റുമായി രണ്ടാമതായാണ്‌ കൊച്ചി സെമിയിൽ കടന്നത്‌. 16 പോയിന്റുമായി മൂന്നാമതായാണ്‌ കണ്ണൂർ സെമി ബർത്തുറപ്പാക്കിയത്‌. പ്രതിരോധമാണ്‌ കൊച്ചിയുടെ കരുത്ത്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top