19 December Thursday

ബെന്നിച്ചേട്ടൻ കാത്തിരിക്കുന്നു;
സുമനസ്സുകളെ

ശ്രീനിവാസൻ ചെറുകുളത്തൂർUpdated: Wednesday Aug 7, 2024
കുന്നമംഗലം 
കഷ്ടപ്പാടും സാമ്പത്തിക പരാധീനതയുമേറെയുണ്ട് പൈങ്ങോട്ടുപുറം വലിയപറമ്പിൽ  ബെന്നി ജോർജ്  എന്ന ബെന്നിച്ചേട്ടന്‌. എന്നാലും ബുധനാഴ്ച കോട്ടാംപറമ്പിലെ ബെന്നിച്ചേട്ടന്റെ ‘അന്ന'  ഹോട്ടലിൽനിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്‌. 36 ലക്ഷം രൂപയുടെ കടക്കാരനാണ് ഈ മനുഷ്യൻ. അപരസ്നേഹത്തിന് മുന്നിൽ സ്വന്തം  കടബാധ്യത മറക്കുകയാണിയാൾ. 2018ലെ പ്രളയത്തിലും ഒരുദിവസത്തെ വരുമാനമായ 30,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  പി ടി എ റഹീം എംഎൽഎയെ  ഏൽപ്പിച്ചിരുന്നു . ബുധനാഴ്ചത്തെ വരുമാനം ഒരുലക്ഷം രൂപയാക്കണമെന്നാണ് ആഗ്രഹം. 
30 വർഷം മുമ്പ് എറണാകുളം ജില്ലയിൽനിന്ന്‌ കോഴിക്കോട്ടെത്തി ഹോട്ടലിൽ പാത്രം കഴുകുന്ന ജോലിചെയ്തുതുടങ്ങിയതാണ്‌. ഹോട്ടൽ പണി പഠിച്ച്‌ 16 വർഷം മുമ്പ് സ്വന്തമായി ‘അന്ന '   തുടങ്ങി. സഹായത്തിന്‌ മകൻ നിധിനും നഴ്സായ മകൾ നീതുവും ഭാര്യ ബിന്ദുവുമുണ്ട്‌. വയനാട്ടിൽ ഉരുൾപൊട്ടിയത്‌ മുതൽ മനസ്സിൽ  വിങ്ങലായി കൊണ്ടുനടക്കുകയായിരുന്നു ബെന്നിച്ചേട്ടൻ.  മകനോടും ഭാര്യയോടും പറഞ്ഞാൽ എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു ഭയം. കാര്യമറിഞ്ഞപ്പോൾ മകൻതന്നെ എഫ്ബിയിൽ ആദ്യ പോസ്റ്റിട്ടു, ഹോട്ടലിന് മുന്നിൽ ബാനർ കെട്ടി . അന്നയിൽ ഭക്ഷണം കഴിക്കാനെത്തുന്ന  ഐഐഎമ്മിലെ ജീവനക്കാർ ഇത് വീഡിയോയാക്കിയതോടെ  സമൂഹമാധ്യമങ്ങളിൽ വൈറലായി. എല്ലാ തയ്യാറെടുപ്പുമായി ബെന്നിച്ചേട്ടൻ കാത്തിരിക്കയാണ്‌ നല്ല മനസ്സുള്ളവരെ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top