19 December Thursday

ദുരിതബാധിതർക്ക് തണലായി പുനരധിവാസ വീടുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024
വിലങ്ങാട് 
അടുപ്പിൽ സങ്കേതത്തിലെ നിവാസികളെ പുനരധിവസിപ്പിക്കാൻ ഒരുക്കിയ വീടുകൾ ഉരുൾപൊട്ടലിൽ ദുരിതബാധിതർക്ക് ആശ്വാസകേന്ദ്രമായി. പ്രളയജലം 2018ൽ നാടിനെ നടുക്കിയപ്പോഴാണ് പദ്ധതി നടപ്പാക്കിയത്. 64 കുടുംബങ്ങളാണ്‌ ഉരുട്ടിയിലെ ദുരിതാശ്വാസകേന്ദ്രത്തിൽ കഴിയുന്നത്. വിലങ്ങാട് ആലിമൂലയിൽ ഉരുൾപൊട്ടലിൽ നാല് പേർ മരിക്കുകയും സമീപപ്രദേശമായ അടുപ്പിൽ കോളനിക്ക് സമീപം ഉരുൾപൊട്ടലിൽ വീടുകൾ തകരുകയും ചെയ്തിരുന്നു. ജിയോളജി വകുപ്പ് നടത്തിയ പഠനത്തിൽ അടുപ്പിൽ കോളനി സ്ഥിതിചെയ്യുന്ന പ്രദേശം ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന മേഖലയായി കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് 65 കുടുംബങ്ങള്‍ക്ക് വീടൊരുക്കിയത്. ഉരുട്ടി റോഡരികിൽ പയനം കൂട്ടത്തെ പന്ത്രണ്ടര ഏക്കര്‍  സർക്കാർ സ്വകാര്യ വ്യക്തികളിൽനിന്ന്‌ ആറരകോടി രൂപക്ക്‌ ഏറ്റെടുത്താണ് വീട് നിർമിച്ചത്. 45 വീടുകളുടെ നിർമാണം യുഎൽസിസിയുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയിരുന്നു. 
വൈദ്യുതി കണക്‌ഷൻ മാത്രമേ ലഭിക്കേണ്ടതുള്ളു. വൈദ്യുതി ലഭിക്കാത്തതിനാൽ കുടുംബങ്ങൾക്ക് വീടുകൾ വിട്ടുനൽകിയിരുന്നില്ല . ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒറ്റദിവസം കൊണ്ടാണ് വീടുകൾക്ക് വൈദ്യുതി കണക്‌ഷൻ നൽകി ദുരിതബാധിതർക്ക് തലചായ്ക്കാൻ സൗകര്യമൊരുക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top