22 December Sunday
കണക്കെടുപ്പിന്‌ ഉരുൾപൊട്ടൽ മേഖലയിൽ ഉദ്യോഗസ്ഥർ

വീണ്ടെടുക്കും 
വിലങ്ങാട്‌

സ്വന്തം ലേഖകൻUpdated: Wednesday Aug 7, 2024
 
 
നാദാപുരം 
ഉരുൾപൊട്ടലിൽ തകർന്ന വിലങ്ങാട് പുനരുദ്ധാരണത്തിന് നടപടി തുടങ്ങി. നാശനഷ്ടം വിലയിരുത്തി  റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി പി എ മുഹമ്മദ് റിയാസ്  വിലങ്ങാട് സന്ദർശിച്ച്‌ നിർദേശം നൽകിയതിനുപിന്നാലെയാണ്‌ ഉദ്യോഗസ്ഥ സംഘം വിവിധയിടങ്ങളിലെത്തിയത്‌. വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ ഉരുൾപൊട്ടൽ നടന്ന സ്ഥലങ്ങൾ സംഘം സന്ദർശിച്ചു.  വിവരങ്ങൾ ശേഖരിക്കാൻ വിലങ്ങാട് പാനോം, മഞ്ഞച്ചീളി, അടിച്ചിപ്പാറ, മലയങ്ങാട്, പന്നിയേരി  എന്നിവിടങ്ങളിൽ എത്തിയ സംഘത്തോടൊപ്പം ഇ കെ വിജയൻ എംഎൽഎയുമുണ്ടായിരുന്നു. തകർന്ന പാലങ്ങൾക്കും റോഡുകൾക്കുമുണ്ടായ നാശം ഇവർ നേരിൽ കണ്ടു. പൊതുമരാമത്ത് റോഡ്, പാലം ഉദ്യോഗസ്ഥരും എൽഎസ്ജിഡി വിഭാഗം ജീവനക്കാരും കെആർഎഫ്ബി എൻജിനിയറിങ് വിഭാഗവുമാണ്‌ കണക്കെടുപ്പിന് എത്തിയത്. 
കൊളങ്ങരത്ത് -വാളുക്ക്- വിലങ്ങാട് റോഡും കരുകുളം - വിലങ്ങാട് -പാനോം - പുല്ലുവ റോഡും മലയോരഹൈവേയുടെ ഭാഗമായി കെആർഎഫ്ബിയുടെ കൈവശമാണുള്ളത്. ഈ ഭാഗത്താണ് നാശനഷ്ടം കൂടുതൽ. പൊതുമരാമത്ത്, കെആർഎഫ്ബി ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചു. രണ്ട്‌ കോടി രൂപയുടെ നാശമുണ്ടായതായാണ് പ്രാഥമിക കണക്ക്. പുനർനിർമാണത്തിന് അഞ്ച്‌ കോടിയിൽ പരം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിവരുന്നത്. പഞ്ചായത്തിന്റെ അധീനതയിലുള്ള പാലങ്ങളുടെയും റോഡുകളുടെയും വിവരങ്ങൾ എൽഎസ്ജിഡി നോർത്ത് സർക്കിൾ സൂപ്രണ്ടിങ് എൻജിനിയർ ആർ മുരളിയുടെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ചു. ഉരുൾപൊട്ടൽ മേഖലയിൽ മൈനിങ്‌  ജിയോളജി വകുപ്പ് പഠനം ആരംഭിച്ചിട്ടുണ്ട്.  ഉരുൾപൊട്ടൽ സാധ്യത സംബന്ധിച്ച വിവരങ്ങൾ  ശേഖരിച്ചുവരികയാണ്. റവന്യു, കൃഷി വകുപ്പുകളുടെ നേതൃത്വത്തിൽ അദാലത്ത് ക്യാമ്പുകളിലൂടെയും നഷ്‌ടത്തിന്റെ കണക്കെടുക്കുന്നുണ്ട്‌.   പലയിടങ്ങളിലും നാട്ടുകാർ ദുരിതത്തിന്റെ വിവരങ്ങൾ ഉദ്യോഗസ്ഥർക്ക്‌ കൈമാറി. ബുധനാഴ്‌ച കലക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തിൽ നാശം സംബന്ധിച്ച് വിവരങ്ങൾ വിശകലനം ചെയ്യും. 11ന് മന്ത്രിതലത്തിൽ ചേരുന്ന യോഗത്തിൽ പുനരധിവാസം ഉൾപ്പെടെ ചർച്ചചെയ്ത് തീരുമാനിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top