22 December Sunday
പരിപാലനം ഫുട്‌ബോൾ അസോസിയേഷന്‌

കോർപറേഷൻ സ്‌റ്റേഡിയത്തിൽ ഇനി ഫുട്‌ബോൾ ആരവം

സ്വന്തം ലേഖകൻUpdated: Wednesday Aug 7, 2024
 
 
കോഴിക്കോട്‌
നാഗ്‌ജി ടൂർണമെന്റിനും നായനാർ കപ്പിനും സിസേഴ്‌സ്‌ കപ്പിനും ആതിഥ്യമരുളിയ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ വീണ്ടും ഫുട്‌ബോൾ ആരവം ഉയരുന്നു. വർഷങ്ങൾക്ക്‌ ശേഷം സെപ്‌തംബറിൽ സൂപ്പർ ലീഗ്‌ കേരളക്ക്‌‌ സ്‌റ്റേഡിയം ആതിഥ്യമരുളുന്നതോടെ നിരവധി ദേശീയ–-അന്തർദേശീയ മത്സരങ്ങൾക്ക്‌ ഇനി കോഴിക്കോട്‌ വേദിയാവും. സ്‌റ്റേഡിയത്തിന്റെ പരിപാലനം കേരള ഫുട്‌ബോൾ അസോസിയേഷന്‌ കോർപറേഷൻ കെമാറിയതോടെയാണ്‌ കായികപ്രേമികളുടെ പ്രതീക്ഷകൾക്ക്‌ ചിറകുമുളക്കുന്നത്‌. 
സൂപ്പർ ലീഗിൽ തിരുവനന്തപുരം കോമ്പനസ്‌ എഫ്‌സി, കൊച്ചി ഫോഴ്‌സ എഫ്‌സി, തൃശൂർ മാജിക്‌ എഫ്‌സി, മലപ്പുറം എഫ്‌സി, കാലിക്കറ്റ്‌ എഫ്‌സി, കണ്ണൂർ വാരിയേഴ്‌സ്‌ എന്നീ ടീമുകൾ പന്തുതട്ടുന്നതോടെ കോഴിക്കോടിന്റെ മണ്ണിൽ വീണ്ടും കാൽപ്പന്തുകളിയുടെ ആവേശം നിറയും. 
ചൊവ്വാഴ്‌ച ചേർന്ന  കോർപറേഷൻ കൗൺസിലാണ്‌ സ്‌റ്റേഡിയം പരിപാലിക്കാനുള്ള അനുമതി കെഎഫ്‌എ‌ക്ക്‌ കൈമാറിയത്‌. ഇതിന്റെ ഭാഗമായി ഗ്രൗണ്ടിന്റെയും വിഐപി പവിലിയന്റെ നവീകരണം ഉടൻ ആരംഭിക്കും. ഫ്ലഡ്‌ ലൈറ്റ്‌ സംവിധാനം പൂർണമായും എൽഇഡിയിലേക്ക്‌ മാറ്റും. ഇതോടെ മത്സരങ്ങൾ ടെലി കാസ്‌റ്റ്‌ ചെയ്യുന്നതിലുള്ള തടസ്സവും ഒഴിവാകും. 
ലൈസൻസ്‌ വ്യവസ്ഥയിൽ സ്‌റ്റേഡിയം അനുവദിക്കാൻ കെഎഫ്‌എയും ഗോകുലം കേരള എഫ്‌സിയും നൽകിയ അപേക്ഷയിൽ കെഎഫ്‌എയുടെതിനാണ്‌ കോർപറേഷൻ അംഗീകാരം നൽകിയത്‌. ഇപ്പോൾ സ്‌റ്റേഡിയം നടത്തിപ്പിന്റെ ചുമതലയുള്ള ഗോകുലം കേരളയെ പൂർണമായി ഒഴിവാക്കുകയില്ല. അവർക്ക്‌ ഹോം ഗ്രൗണ്ടായി സ്‌റ്റേഡിയം  ഉപയോഗിക്കാം. മലബാറിലെ ക്ലബ്ബിന്‌ ഹോം ഗ്രൗണ്ടില്ലാതെ അംഗീകാരം നഷ്ടപ്പെടുന്നത്‌ ഒഴിവാക്കാനാണിത്‌. ഹോം ഗ്രൗണ്ടായി ഉപയോഗിക്കുന്നതിന്‌ വ്യവസ്ഥയോടെയാവും അംഗീകാരം നൽകുക. കൂടാതെ കാലിക്കറ്റ്‌ എഫ്‌സിയുടെ ഹോം ഗ്രൗണ്ടായും ഇതുമാറും.   
കെഎഫ്‌എയും ഗോകുലം എഫ്‌സിയും ഫുട്‌ബോൾ മത്സരങ്ങൾക്ക്‌ മാത്രമേ സ്‌റ്റേഡിയം ഉപയോഗിക്കാൻ പാടുള്ളു.  പരിശീലനത്തിന്‌ മൈതാനം ഉപയോഗിക്കാൻ പാടില്ല.  സ്ഥിരമായുള്ള പരിശീലനം മൈതാനത്തിന്‌ കേടുവരുത്തുമെന്നതിനാലാണിത്‌. 2018 ഫെബ്രുവരി മുതൽ മൈതാനം ഗോകുലം കേരളയുടെ ഹോം ഗ്രൗണ്ടായി ഉപയോഗിച്ചുവരികയാണ്‌. 
13.59 ലക്ഷം രൂപ വൈദ്യുതി കുടിശ്ശികയുണ്ടെങ്കിലും 12 മാസതവണയായി അടച്ചുതീർക്കാമെന്നും തുടർന്നുള്ളവ അതത്‌ മാസം തന്നെ അടയ്‌ക്കാമെന്നും 2020ൽ ക്ലബ്‌ അധികൃതർ നൽകിയ അപേക്ഷയിൽ ഉറപ്പ്‌ നൽകിയിരുന്നു. 
ഇത്‌ പരിഗണിച്ച്‌ 1.25 ലക്ഷം രൂപ ലൈസൻസ്‌ ഫീസിൽ 2012 ആഗസ്‌ത്‌ രണ്ടുവരെ സ്‌റ്റേഡിയം ക്ലബ്ബിന്‌‌ നൽകി. പിന്നീട്‌ തുക കൂട്ടി. ഇതിനിടെയാണ്‌ സ്‌റ്റേഡിയം അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന ആരോപണവും ഉയർന്നത്‌. എന്നാൽ ഇത്‌ ശരിയല്ലെന്നായിരുന്നു ക്ലബ്ബിന്റെ വാദം. സ്‌റ്റേഡിയം കാടുകയറി നശിക്കുന്നതിനിടെയാണ്‌ പരിപാലിക്കുന്നതിനുള്ള അനുമതി കെഎഫ്‌എ‌ക്ക്‌ കൈമാറിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top