കോഴിക്കോട്
കൊച്ചിയിലെ സിനിമാ തിരക്കുകൾക്കിടയിൽനിന്നാണ് നടൻ വിജിലേഷ് കോഴിക്കോട്ടെത്തി തദ്ദേശ അദാലത്തിൽ പങ്കെടുത്തത്. സിനിമയിലെ ക്ലൈമാക്സ് പോലെ ഹാപ്പി എൻഡിങ്ങായാണ് മടങ്ങിയത്. ഒക്യുപെൻസിയുമായി ബന്ധപ്പെട്ട പ്രശ്നമായിരുന്നു മന്ത്രി എം ബി രാജേഷിന് മുന്നിൽ അവതരിപ്പിച്ചത്. വിശദമായി കേട്ടശേഷം വിജിലേഷിന് ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകാൻ മന്ത്രി ഉത്തരവിട്ടു. ഓൺലൈനായി നടപടി തീർത്ത് അരമണിക്കൂറിനുള്ളിൽ അദാലത്ത് വേദിയിൽവച്ച് മന്ത്രി സർട്ടിഫിക്കറ്റ് കൈമാറി.
അരിക്കുളം പഞ്ചായത്തിൽ രണ്ടാംവാർഡിൽ കാരയാട്ടിൽ വാരിയംവീട്ടിൽതാഴെയാണ് വിജിലേഷ് പുതിയതായി നിർമിച്ച 188.51 ചതുരശ്ര മീറ്റർ വീട്. വഴിയും വീടും തമ്മിൽ 1.5 മീറ്റർ അകലം ഇല്ലാത്തതായിരുന്നു പ്രതിസന്ധി. ആ പ്രശ്‌നം പരിഹരിക്കാനാണ് തദ്ദേശ അദാലത്തിൽ അപേക്ഷ നൽകിയത്.
കെട്ടിടത്തിൽനിന്ന് വഴിയിലേക്കുള്ള അകലം ഒരു മീറ്റർ വരെയായി കുറച്ചു ചട്ടഭേദഗതിയായ വിവരം മന്ത്രി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇളവ് അനുവദിച്ച് ഒക്യുപെൻസി അനുവദിക്കുന്നതിന് സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി. ഒരു വർഷമായി അലട്ടിയ പ്രശ്നം പരിഹരിച്ച സന്തോഷവുമായാണ് വിജിലേഷ് മടങ്ങിയത്. തന്റെ ആവശ്യം അനുഭാവപൂർവം പരിഹരിച്ച സംസ്ഥാന സർക്കാരിന് നന്ദിയും അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..