22 December Sunday

അദാലത്തിലുണ്ട് 
പരിഹാരം

സ്വന്തം ലേഖകൻUpdated: Saturday Sep 7, 2024

കോഴിക്കോട് അബ്ദു റഹിമാൻ സാഹിബ് മെമ്മോറിയൽ ഹാളിൽ നടക്കുന്ന തദ്ദേശസ്വയംഭരണ അദാലത്തിൽ എത്തിയവരുടെ തിരക്ക്

കോഴിക്കോട്
സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ നാലാം നൂറ് ദിന കർമപരിപാടിയുടെ ഭാ​ഗമായി സംഘടിപ്പിച്ച ജില്ലാ തദ്ദേശ അദാലത്തിൽ ഓൺലൈനായി ലഭിച്ച 690 പരാതികൾ തീർപ്പാക്കി. 671 എണ്ണത്തിൽ അനുകൂല തീരുമാനമുണ്ടായി. 19 പരാതികൾ നിരസിച്ചു. ലഭിച്ചവയിൽ 97.2 ശതമാനവും അനുകൂലമായാണ് തീർപ്പാക്കിയത്. വെള്ളിയാഴ്ച നേരിട്ട് ലഭിച്ച 233 പരാതികൾ തുടർനടപടികൾക്കായി മാറ്റി. സംസ്ഥാനത്തെ 11ാമത്തെ അദാലത്താണ് ജില്ലയിൽ നടക്കുന്നത്.
തദ്ദേശ സ്ഥാപനതലത്തിൽ നേരിട്ട് അപേക്ഷിച്ചിട്ടും പരിഹാരമാവാത്ത അപേക്ഷകൾ മാത്രമാണ് അദാലത്തിൽ പരിഗണിക്കുന്നത്. ഇവരുടെ പരാതിയിൽ 15 ദിവസങ്ങൾക്കകം തീർപ്പ് കൽപ്പിച്ച് പരാതിക്കാരനെ അറിയിക്കും. ആറ് ഉപജില്ലാതല സമിതികൾ, ഒരു ജില്ലാതല സമിതി, ഒരു സംസ്ഥാനതല സമിതി, മന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു സമിതി എന്നിവയാണ് അദാലത്തിലെത്തിയ അപേക്ഷകൾ പരിഗണിക്കുന്നത്. പ്രത്യേകം  സജ്ജമാക്കിയ കൗണ്ടറുകളിൽനിന്നാണ് പരിശോധിക്കുന്നത്.   
കെട്ടിട പെർമിറ്റ്, ആസ്തി മാനേജ്മെന്റ്, നികുതികൾ-, വിവിധ സേവന ലൈസൻസുകൾ-, പദ്ധതി നിർവഹണം, ഗുണഭോക്തൃപദ്ധതികൾ, സ്ഥാപനങ്ങളിലെയും മറ്റും സൗകര്യങ്ങളുടെ കാര്യക്ഷമത-, മാലിന്യ സംസ്‌കരണം, സാമൂഹ്യ സുരക്ഷാ പെൻഷൻ-, സിവിൽ രജിസ്ട്രേഷൻ തുടങ്ങിയ പരാതികൾക്ക് പരിഹാരമായി. ശനിയാഴ്ച രാവിലെ 9.30മുതൽ മന്ത്രിയുടെ നേതൃത്വത്തിൽ  കോർപറേഷൻ തല അദാലത്ത് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ജൂബിലി ഹാളിൽ  നടക്കും. രാവിലെ 8.30ന് രജിസ്ട്രേഷൻ ആരംഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top