07 October Monday
ഇന്ന്‌ 46ാം ചരമവാർഷികം

നിലയ്‌ക്കാത്ത ഈണമായി ബാബുക്കയുടെ ഓർമകൾ

സ്വന്തം ലേഖികUpdated: Monday Oct 7, 2024
കോഴിക്കോട്‌
മലയാളികൾക്ക്‌ മധുരിതമായ ഈണങ്ങൾ പകർന്ന അനശ്വര സംഗീതജ്ഞൻ എം എസ്‌ ബാബുരാജ്‌ മൺമറഞ്ഞിട്ട്‌ 46 വർഷം. വിടപറഞ്ഞ്‌ അമ്പതാണ്ടിലേക്ക്‌ അടുക്കുമ്പോഴും  ‘ബാബു’ക്കയുടെ ഓർമകൾ അദ്ദേഹത്തിന്റെ പാട്ടുപോലെ കൂടുതൽ ജീവസ്സുറ്റതായി കോഴിക്കോടിന്റെ മണ്ണിൽ നിറയുകയാണ്‌. ബാബുക്കയ്ക്കുള്ള ഓർമപ്പൂക്കളായി സംഘടനകളും കൂട്ടായ്‌മകളും പലയിടത്തും അനുസ്‌മരണ ചടങ്ങുകളും സംഘടിപ്പിക്കുന്നുണ്ട്‌. 
പ്രണയത്തിന്‌ പുതുഭാവം നൽകിയ ‘പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ, സുറുമയെഴുതിയ മിഴികളെ, താമസമെന്തേ വരുവാൻ തുടങ്ങിയ ഗാനങ്ങൾ ആ സംഗീത മാന്ത്രികതയുടെ സാക്ഷ്യങ്ങളായി ഇവിടെയുണ്ട്‌. ദശാബ്ദങ്ങൾക്ക്‌ മുന്നേയുള്ള ഈ ഗാനങ്ങൾ പുതുതലമുറക്കാരായ സംഗീതാസ്വാദകരിലും ഇന്നും ഓളങ്ങളുണ്ടാക്കുന്നുണ്ട്‌. ഗസലിന്റെയും മാപ്പിളപ്പാട്ടിന്റെയും ഈണങ്ങൾ ഒന്നിച്ചൊഴുകുന്ന സംഗീതധാരയിലായിരുന്നു ബാബുക്കയുടെ ഈണങ്ങൾ. 
മുഹമ്മദ്‌ സബീർ ബാബുരാജ്‌ എന്ന എം എസ്‌ ബാബുരാജ്‌ കോഴിക്കോട്‌ അബ്ദുൾ ഖാദറിന്റെ കൂടെ ഗാനമേളകളിൽ പങ്കെടുത്താണ്‌ സജീവമാകുന്നത്‌. പിന്നീട്‌ നാടകങ്ങളുടെ സംഗീതസംവിധായകനായി. കോഴിക്കോട്ടെ നാടക, പുരോഗമന പ്രസ്ഥാനങ്ങളുമായി സഹകരിച്ച്‌ പ്രവർത്തിച്ചു. 1957ൽ മിന്നാമിനുങ്ങ്‌ സിനിമയിലൂടെയാണ്‌ സ്വതന്ത്ര സംഗീത സംവിധായകനായി മാറിയത്‌. സൂര്യകാന്തീ, തളിരിട്ട കിനാക്കൾ തൻ, കദളിവാഴക്കൈയിലിരുന്ന്, കടലേ നീല കടലേ തുടങ്ങി ഒട്ടേറെ അനശ്വര ഗാനങ്ങൾ. 1978 ഒക്ടോബർ ഏഴിന്‌ 49ാം വയസ്സിലാണ്‌ മരിക്കുന്നത്‌. അനുസ്‌മരണത്തിന്റെ ഭാഗമായി നഗരത്തിൽ  ‘ഹൃദയത്തിൽ ബാബുക്ക’ അനുസ്‌മരണവും ഗാനസന്ധ്യയും നടന്നു. സംവിധായകൻ വി എം വിനു ഉദ്ഘാടനംചെയ്‌തു. നദീം നൗഷാദ്‌ അനുസ്‌മരണപ്രഭാഷണം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top