ഫറോക്ക്
വാഹനമോഷണത്തിന് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിക്കുന്ന അന്തർ ജില്ലാ മോഷണസംഘം പിടിയിൽ. ചാത്തമംഗലം അരക്കംപറ്റ വാലിക്കൽ വീട്ടിൽ രവിരാജ് (സെങ്കുട്ടി, 24), പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ എന്നിവരെയാണ് ഫറോക്ക് അസി. കമീഷണർ എ എം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്ക്വാഡും ഫറോക്ക് ഇൻസ്പെക്ടർ ടി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് പിടികൂടിയത്.
ഫറോക്ക് റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ബൈക്കുകൾ മോഷണംപോയ സംഭവത്തിന്റെ അന്വേഷണത്തിലാണ് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. ഫറോക്കിൽനിന്ന് മോഷ്ടിച്ച ബൈക്കുമായാണ് പ്രതികളെ അറസ്റ്റ്‌ചെയ്തത്.
കുന്നമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി വാഹനമോഷണ കേസുകളിൽ പ്രതിയായ രവിരാജ് കുട്ടികളെ മോഷണത്തിനുപയോഗിക്കുന്ന വിവരം ലഭിച്ച ഫറോക്ക് ക്രൈം സ്ക്വാഡ്, പ്രതികളുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ രഹസ്യമായി നിരീക്ഷിച്ചാണ് വലയിലാക്കിയത്. ആഡംബര ജീവിതം വാഗ്ദാനംചെയ്താണ് രവിരാജ് കുട്ടികളെ മോഷണത്തിലേക്ക് ആകർഷിച്ചിരുന്നത്. നാലായിരം രൂപമുതൽ പതിനായിരം രൂപവരെ മോഷ്ടിച്ച വാഹനങ്ങൾക്ക് കുട്ടികൾക്ക് വിലയായി നൽകും. മാഹിയിലേക്കും കണ്ണൂരിലേക്കുമാണ് വാഹനങ്ങൾ കടത്തുന്നത്. ആവശ്യക്കാരെ കണ്ടെത്തിയ ശേഷമാണ് മോഷണം ആസൂത്രണംചെയ്യുന്നത്. ആവശ്യക്കാർ മോഡലും നിറവും വർഷവും നമ്പർ സീരീസും പറഞ്ഞാൽ കൃത്യസമയത്ത് ഡെലിവറി നടത്തുന്നതാണ് രീതി.
വിൽക്കുന്ന വാഹനങ്ങളുടെ ആർസി രണ്ട് മാസത്തിനുള്ളിൽ ശരിയാക്കി തരാം എന്ന് വാഗ്ദാനവും നൽകും.
രവിരാജിനെതിരെ കുന്നമംഗലം സ്റ്റേഷനിൽ 3 വാഹന മോഷണക്കേസുകളും എക്സൈസിൽ മയക്കുമരുന്ന് കേസുമുണ്ടെന്ന് പൊലീസ് പറഞ്ഞു.
നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്നും വടകര റെയിൽവെ സ്റ്റേഷനിൽ നിന്നും രവിരാജും സംഘവും കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ ആറ് ബൈക്ക് മോഷ്ടിച്ചിട്ടുണ്ട്.
പിടിയിലായ കുട്ടികളിൽ ഒരാൾക്ക് ടൗൺ, വെള്ളയിൽ, ചേവായൂർ പൊലീസ് സ്റ്റേഷനുകളിലായി മൂന്ന് വാഹനമോഷണക്കേസുണ്ട്. മോഷ്ടിച്ച മറ്റു ബൈക്കുകൾ കണ്ടെത്താൻ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. വാങ്ങിയവരിൽനിന്ന് ബൈക്ക് കണ്ടെടുക്കുമെന്ന് അന്വേഷണ ചുമതലയുള്ള ഫറോക്ക് എസ്ഐ ആർ എസ് വിനയൻ അറിയിച്ചു. കുട്ടികളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. രവിരാജിനെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..