22 November Friday
ദേശീയപാത വികസനം

പൈപ്പ് മാറ്റല്‍; ആദ്യഘട്ടം പൂര്‍ത്തിയായി

സ്വന്തം ലേഖകൻUpdated: Thursday Nov 7, 2024

കലക്ടറേറ്റിൽ ടാങ്കർ ലോറിയിൽ കുടിവെള്ളമെത്തിക്കുന്നു

കോഴിക്കോട്
ദേശീയപാത 66 വികസന പ്രവൃത്തിയുടെ ഭാ​ഗമായി വേങ്ങേരി മുതൽ മലാപ്പറമ്പ് വരെയുള്ള ജപ്പാൻ കുടിവെള്ള പൈപ്പ് മാറ്റുന്ന പ്രവൃത്തിയുടെ ആദ്യഘട്ടം പൂർത്തിയായി. വേങ്ങേരി ജങ്ഷനിൽ രണ്ടിടത്ത് പൈപ്പുകൾ മുറിച്ചുമാറ്റി പുതിയവ കൂട്ടിയോജിപ്പിച്ച് വെൽഡിങ് പൂർത്തിയാക്കി. ജലവകുപ്പിന്റെ പെരുവണ്ണാമൂഴി ജലശുദ്ധീകരണശാലയിൽനിന്ന് വെള്ളമെത്തുന്ന ഒന്നരമീറ്റർ വ്യാസമുള്ള പൈപ്പാണ് കൂട്ടിച്ചേർത്തത്. വ്യാഴം ഉച്ചയോടെ വേദവ്യാസ ജങ്ഷനിലെ രണ്ടിടത്തും പുതിയവ കൂട്ടിയോജിപ്പിക്കും.  
വെള്ളിയാഴ്‌ച വരെ ജലവിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്‌. നിശ്ചിത സമയത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് ജലവകുപ്പും ദേശീയപാത വിഭാ​ഗവും നടത്തുന്നത്. വ്യാഴം വൈകിട്ടോടെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനായേക്കും. 
പൈപ്പുകൾ മാറ്റുന്നതോടെ വേങ്ങേരി ഓവർപാസ് നിർമാണം പുനരാരംഭിക്കും. 45 മീറ്റർ നീളത്തിലുള്ള ഓവർപാസിന്റെ 13.75 മീറ്റർ പൂർത്തിയാക്കി ഒരുഭാ​ഗം ​ഗതാ​ഗതത്തിനായി തുറന്നുനൽ‌കി. ബാക്കി പ്രവൃത്തി ഉടൻ പൂർത്തിയാക്കും. മണ്ണ് എടുക്കുന്നത് ഉൾപ്പെടെ ഫൗണ്ടേഷൻ പ്രവൃത്തിയാണ് നടത്താനുള്ളത്‌. ഓവർപാസിന്റെ നിർമാണപ്രവൃത്തിക്കിടെയാണ് റോഡിൽ ജപ്പാൻ കുടിവെള്ള പൈപ്പ് കണ്ടത്. തുടർന്ന് പ്രവൃത്തി നിർത്തിവച്ചു. പ്രത്യേക എസ്റ്റിമേറ്റ് തയ്യാറാക്കിയാണ് പൈപ്പ് മാറ്റുന്നത് ഉൾപ്പെടെ നടത്തിയത്. 
രണ്ടാംദിനവും കുടുങ്ങിയില്ല
പെരുവണ്ണാമൂഴി ജലശുദ്ധീകരണശാലയിൽനിന്ന് വെള്ളമെത്തിക്കുന്ന പൈപ്പ് ലൈനിൽ പമ്പിങ് നിർത്തി പ്രവൃത്തി നടക്കുന്നതിനാൽ കോർപറേഷനിലും സമീപത്തെ 13 പഞ്ചായത്തിലും ന​ഗരസഭയിലും രണ്ടാം നാളും കുടിവെള്ള വിതരണം തടസ്സപ്പെട്ടു. എന്നാൽ പറയത്തക്ക പ്രതിസന്ധിയുണ്ടായില്ല. 
മെഡിക്കൽ കോളേ‍ജ് ആശുപത്രിയിൽ ഉൾപ്പെടെ കുടിവെള്ളം ഉറപ്പാക്കാൻ സാധിച്ചു. മാവൂർ കൂളിമാടുനിന്ന് പമ്പിങ് നടത്തിയാണ് വെള്ളമെത്തിച്ചത്. കോഴിക്കോട് സിവിൽ സ്റ്റേഷനിലേക്ക് മാവൂരിൽനിന്ന്‌ ടാങ്കറിൽ വെള്ളമെത്തിച്ചു. കൂടാതെ മലാപ്പറമ്പിലെയും പൊറ്റമ്മലിലെയും സംഭരണികളിലേക്ക് കൂളിമാടിൽനിന്ന്‌ ഡെഡിക്കേറ്റർ പൈപ്പ് ലൈൻ വഴി വെള്ളമെത്തിക്കാനുള്ള ശ്രമം നടക്കുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വാഹനങ്ങളിൽ വെള്ളമെത്തിക്കുന്നത് കഴിഞ്ഞദിവസവും തുടർന്നു. രാഷ്ട്രീയ–-യുവജന സംഘടനകളും വാഹനങ്ങളിൽ ഉൾപ്രദേശങ്ങളിൽ വെള്ളമെത്തിക്കുന്നുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top