19 December Thursday

സ്വപ്നങ്ങളുടെ ചിറകിലേറി അമൻ അലി

അനഘ പ്രകാശ്‌Updated: Saturday Dec 7, 2024

കോഴിക്കോട് മുനിസിപ്പൽ കോർപറേഷൻ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘താരകം 2024 ' കലോത്സവത്തിൽ മീഞ്ചന്ത ജിവിഎച്ച്എസ്എസിലെ അമൻ അലി അവതരിപ്പിച്ച നൃത്തം

 

കോഴിക്കോട്
ചേച്ചി അഷ്ന പഠിപ്പിച്ച നൃത്തം വേദിയിൽ അവതരിപ്പിക്കുമ്പോൾ അമൻ അലിയ്ക്ക് ആവേശവും സന്തോഷവും അടക്കാനായില്ല. സദസ്സിലെ നിറഞ്ഞ കൈയടി ആത്മവിശ്വാസമാക്കി അവൻ ആടിത്തിമിർത്തു. 
"താരകം 2024' ഭിന്നശേഷി കലോത്സവത്തിലാണ് ജന്മനാ ഇരുകൈകളുമില്ലാത്ത അമൻ അലി കാണികളെ നൃത്തത്തിലൂടെ രസിപ്പിച്ചത്. മീഞ്ചന്ത ജിവിഎച്ച്എസ്എസിലെ പത്താം ക്ലാസുകാരനായ ഈ മിടുക്കൻ കാലുകൾകൊണ്ട് എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്യും. ഇത്തരത്തിൽ വരച്ച മുഖ്യമന്ത്രിയുടെ ചിത്രം നവകേരള സദസ്സിന്റെ വേദിയിൽ അമൻ തന്നെ നേരിട്ട് നൽകിയിരുന്നു. ലയണൽ മെസിയെപ്പോലെ ലോകം അറിയപ്പെടുന്ന ഫുട്ബോൾ കളിക്കാരനാകണമെന്നാണ് കളിക്കളത്തിലും താരമായ അമന്റെ ആ​ഗ്രഹം. 
"പരിമിതിയുണ്ടെന്ന തോന്നൽ ഇല്ലാതെയാണ് അവനെ വളർത്തിയത്. ഇതുവരെയുള്ള പരീക്ഷകൾ എഴുതിയതെല്ലാം മറ്റാരെയും ആശ്രയിക്കാതെ കാലുകൊണ്ടാണ്. അധ്യാപകരും കൂട്ടുകാരുമെല്ലാം അവന് പ്രോത്സാഹനമായി കൂടെയുണ്ട്. ദിവസേന സ്കൂളിൽ പോകുന്നത് സ്വകാര്യ ബസിലാണ്. ഏതൊരാളും ചെയ്യുന്നതെല്ലാം തനിക്കും ചെയ്യാനാകുമെന്ന് അവന് ആത്മവിശ്വാസമുണ്ട്', ചേച്ചി അഷ്ന പറഞ്ഞു. 
അരക്കിണര്‍ സ്വദേശികളായ എൻ കെ നൗഷാദ്, സി റസിയ ദമ്പതികളുടെ മകനാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top