കോഴിക്കോട്
മാലിന്യ സംസ്‌കരണ പ്ലാന്റ് എതിർക്കപ്പെടേണ്ട ഒന്നാണെന്നതാണ് പരമ്പരാഗത സങ്കൽപ്പം. പണ്ടുകാലത്തെ പ്ലാന്റുകൾ പ്രദേശവാസികൾക്ക് ഉണ്ടാക്കിയ ദുരിതങ്ങൾ ചില്ലറയല്ല. ആവിക്കലെ പ്ലാന്റും അതുപോലെ ഒന്നാണോ എന്നതാണ് നാട്ടുകാരുടെ ആശങ്ക. അത്തരം ആശങ്കകൾക്കെല്ലാമുള്ള ഉത്തരമാണ് തിരുവനന്തപുരം ‘മുട്ടത്തറ’ യിലെ മാതൃക. ഒമ്പത് വർഷമായി ഒരു പരാതിയോ പ്രശ്‌നങ്ങളോ ഇല്ലാതെ നഗരത്തിലെ 35 വാർഡുകളിലെ സീവേജ് മാലിന്യം ഒരുമിച്ച് സംസ്‌കരിക്കുന്ന പ്ലാന്റാണ് ബീമാപള്ളിക്ക് സമീപത്തെ മുട്ടത്തറയിലേത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലും ആവിക്കലിലേതിന് സമാനമായ പ്ലാന്റ് പ്രവൃത്തിക്കുന്നുണ്ട്.
‘‘120 എംഎൽഡി ശേഷിയുള്ള വലിയ പ്ലാന്റാണിത്. ഈ പ്ലാന്റിന്റെ പരിസരത്ത് വീടുകളുണ്ട്. ആർക്കും ഒരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. മാത്രമല്ല, പ്ലാന്റുള്ളതിനാൽ കിണർ വെള്ളം ധൈര്യമായി കുടിക്കാനും സാധിക്കുന്നു’’–- തിരുവനന്തപുരം കോർപറേഷന് വേണ്ടി പദ്ധതി നടപ്പാക്കിയ ജല അതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനിയർ കെ ജി അജീഷ് കുമാർ പറഞ്ഞു.
ആവിക്കലിൽ പ്ലാന്റ് ആരംഭിക്കുന്നതിന് മുന്നോടിയായി കോഴിക്കോട് നിന്നുള്ള സംഘം മുട്ടത്തറയിലേയും മെഡിക്കൽ കോളേജിലേയും പ്ലാന്റുകൾ സന്ദർശിച്ചിരുന്നു. പ്രവർത്തന മികവും ശുചിത്വവും മേയർ ഡോ.ബീനാ ഫിലിപ്പ് ഉൾപ്പെടെയുള്ളവർ നേരിൽക്കണ്ട് ബോധ്യപ്പെട്ടു. മെട്രോ നഗരങ്ങൾ, ഫ്ലാറ്റ്, ആശുപത്രി എന്നിവിടങ്ങളിലെല്ലാം ഈ സംവിധാനമാണ്.
വീടുകളിൽനിന്ന്
മലിനജലം പ്ലാന്റിലേക്ക്
മൂവിങ് ബെഡ് ബയോഫിലിം റിയാക്ടർ സാങ്കേതിക വിദ്യയിൽ രാസവസ്‌തുക്കളൊന്നും ഉപയോഗിക്കാതെ ജൈവികമായി മാലിന്യം സംസ്‌കരിക്കുന്ന പ്ലാന്റാണ് ആവിക്കലിലും കോതിയിലും വരുന്നത്. വീടുകളിലെ ടോയ്‌ലെറ്റിൽനിന്ന് നേരിട്ട് പൈപ്പ് വഴി മാലിന്യം പ്ലാന്റിൽ എത്തിക്കും. പൈപ്പ് നാലര മീറ്റർ ആഴത്തിലായതിനാൽ പൊട്ടാനുള്ള സാധ്യതയില്ല. സംസ്‌കരിച്ച ശേഷം ചെറിയ അളവിൽമാത്രം ഉണ്ടാകുന്ന ഖരമാലിന്യം വളമാക്കുകയോ ഭൂമി നികത്തുന്നതിന് ഉപയോഗിക്കുകയോ ആവാം. ക്ലോറിനേഷൻ നടത്തി ആവിക്കൽ തോട്ടിലേക്ക് വിടുന്ന വെള്ളം ബാക്ടീരിയ രഹിതമാണ്. ഇത് കെഎസ്‌ആർടിസി, റെയിൽവേ, റോഡ് എന്നിവ വൃത്തിയാക്കാനായി ഉപയോഗിക്കാൻ ശുപാർശചെയ്യുമെന്നും വെള്ളത്തിന്റെ ഗുണനിലവാരം സ്‌ക്രീനിൽ പ്രദർശിപ്പിക്കുമെന്നും കോർപറേഷൻ അമൃത് വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
ദുർഗന്ധമില്ല, ശബ്ദവും
പ്ലാന്റിൽനിന്ന് ദുർഗന്ധം ഉണ്ടാകില്ല. മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശിക്കുന്ന സംവിധാനമൊരുക്കാൻ ഓരോ പ്ലാന്റിനും ഒരു കോടി രൂപ അധികം വകയിരുത്തുന്നുണ്ട്. ശബ്ദമൊഴിവാക്കാൻ കുറഞ്ഞ ഫ്രീക്വൻസിയിലുള്ള എയർ ബ്ലോവർ ഉപയോഗിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..