23 December Monday

കോഴിക്കോട്–കുറ്റ്യാടി റൂട്ടിലെ 
ബസ് സമരം പിൻവലിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024
കുറ്റ്യാടി 
കോഴിക്കോട്–-കുറ്റ്യാടി -റൂട്ടിലെ സ്വകാര്യ ബസ്‌ പണിമുടക്ക്‌ പിൻവലിച്ചു. വ്യാഴാഴ്‌ച മുതൽ ബസുകൾ സർവീസ്‌ നടത്തും. ഈ റൂട്ടിൽ ഓടുന്ന ‘അജുവ’ ബസിലെ ഡ്രൈവർ ലെനീഷിനെ കാർ യാത്രക്കാർ കൂമുള്ളിയിൽ ബസ്‌ തടഞ്ഞുനിർത്തി മർദിച്ചതിൽ പ്രതിഷേധിച്ചാണ്‌ ഒരുവിഭാഗം തൊഴിലാളികൾ അർധരാത്രിയിൽ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്‌. പണിമുടക്ക്‌ തുടർന്ന സാഹചര്യത്തിൽ സിഐടിയു പ്രതിനിധികൾ അത്തോളി പൊലീസുമായി സംസാരിക്കുകയും പണിമുടക്കിനുള്ള കാരണം ന്യായമാണെന്ന് മനസ്സിലാക്കുകയും ചെയ്‌തു. തുടർന്ന്‌, ബസ് ആൻഡ് എൻജിനിയറിങ്‌ വർക്കേഴ്സ് യൂണിയൻ (സിഐടിയു) സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
അത്തോളി പൊലീസ് പ്രശ്നത്തിൽ കൃത്യമായി ഇടപെടാത്തതും പ്രതികളെയും വാഹനവും കസ്റ്റഡിയിലെടുക്കാത്തതുമാണ് സമരം നീണ്ടുപോകാൻ കാരണമായത്‌. നാലാംദിവസം പേരാമ്പ്ര ഡിവൈഎസ്‌പി പേരാമ്പ്രയിൽ യൂണിയൻ പ്രധിനിധികളെയും ബസ് ഉടമകളെയും ഉൾപ്പെടുത്തി യോഗം വിളിച്ചുചേർത്തു. പ്രശ്നപരിഹാരത്തിന്‌ ഡിവൈഎസ്‌പി ഇടപെട്ട് പ്രതികൾ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുമെന്ന്‌ ഉറപ്പുനൽകുകയും ചെയ്‌തു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ താൽക്കാലികമായി സമരം പിൻവലിക്കാൻ തീരുമാനിച്ചത്‌. സനീഷ് തയ്യിൽ, ടി കെ മോഹനൻ, കെ ടി കുമാരൻ, ബിജീഷ് കായണ്ണ എന്നിവരാണ്‌ സിഐടിയു പ്രതിനിധികളായി സംസാരിച്ചത്‌.
പണിമുടക്ക് ദിവസങ്ങളിൽ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തിയത് ജനങ്ങൾക്ക് ആശ്വാസമായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top