22 November Friday
കളിക്കളം അഴിമതി തുറന്നുകാട്ടി

വനിതാ പഞ്ചായത്ത് അംഗങ്ങളെ യുഡിഎഫുകാർ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

യുഡിഎഫ് ആക്രമണത്തിൽ പരിക്കേറ്റ എൽഡിഎഫ് അംഗങ്ങൾ

തിരുവള്ളൂർ
കളിസ്ഥലം വാങ്ങുന്നതിലെ അഴിമതി തുറന്നുകാട്ടിയ തിരുവള്ളൂർ പഞ്ചായത്തിലെ എൽഡിഎഫ് വനിതാ അംഗങ്ങളെ യുഡിഎഫ് നേതൃത്വത്തിൽ ആക്രമിച്ചു. തിരുവള്ളൂർ പഞ്ചായത്തിലെ  ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർടി നേതാക്കളുടെയും യോഗത്തിലാണ് എൽഡിഎഫ് ജനപ്രതിനിധിയും സിപിഐ എം ഏരിയാ കമ്മിറ്റി അംഗവുമായ ടി വി സഫീറയെയും 14ാം വാർഡ് അംഗം രമ്യ പുലക്കുന്നുമ്മലിനെയും ആക്രമിച്ചത്‌. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌, പഞ്ചായത്തംഗം, സ്ഥിരം സമിതി അധ്യക്ഷ, യൂത്ത് ലീഗ് നേതാവ്  എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന്‌ പരിക്കേറ്റവർ പറഞ്ഞു.
ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്യാതെയും രാഷ്‌ട്രീയ പാർടി നേതാക്കളുമായി കൂടി ആലോചിക്കാതെയും റോഡ് സൗകര്യമില്ലാത്ത മലമുകളിൽ കളിക്കളത്തിനായി സെന്റിന് 61,000 രൂപ വിലയിൽ 90 സെന്റ് വാങ്ങിയത് സുതാര്യമായില്ല എന്നാണ്‌ ഇവർ ഉന്നയിച്ചത്‌.   പഞ്ചായത്തിലെ കുനിവയലിൽ സെന്റിന് 40,000 രൂപ വിലയിൽ സ്ഥലം വാഗ്ദാനം ചെയ്ത കുടുംബവുമായി ആലോചിക്കാനോ പഞ്ചായത്തിലെ ഏറ്റവും അനുയോജ്യമായ സ്ഥലം വാങ്ങാനോ തയ്യാറായില്ല. പകരം ചില സ്ഥല കച്ചവടക്കാരുടെ ഏജന്റുമാരായി ഭരണനേതൃത്വം മാറി. അഴിമതി നടത്താനാണ് പൊതുജനങ്ങളുടെ അഭിപ്രായം മാനിക്കാതെ ഏകപക്ഷീയമായി സ്ഥലം വാങ്ങിയതെന്നും ആരോപണമുയർന്നു.  ഇത്‌ ചൂണ്ടിക്കാട്ടിയപ്പോഴാണ്‌ എൽഡിഎഫ് ജനപ്രതിനിധികളെ കൂട്ടം ചേർന്ന് ആക്രമിച്ചത്. ഇതിനെതിരെ എൽഡിഎഫ്  നടത്തിയ പ്രതിഷേധ യോഗം എൽഡിഎഫ് പഞ്ചായത്ത് കൺവീനർ എൻ കെ അഖിലേഷ് ഉദ്ഘാടനംചെയ്തു.  നേതാക്കളായ പി പി രാജൻ, ബാലകൃഷ്ണൻ മഠത്തിൽ, വള്ളിൽ ശ്രീജിത്ത്‌, എം വി കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top