17 November Sunday
ദേശീയപാത പ്രവൃത്തി

പൈപ്പിടല്‍ പൂര്‍ത്തിയായി; 
മര്‍ദം പരിശോധന ഉടന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

മലാപ്പറമ്പ് വേദവ്യാസ സ്കൂളിന് സമീപത്തെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് മാറ്റൽ പ്രവൃത്തി

സ്വന്തം ലേഖകന്‍
കോഴിക്കോട്
ദേശീയപാത പ്രവൃത്തിയുടെ ഭാ​ഗമായി വേങ്ങേരിയിലും മലാപ്പറമ്പിലുമുള്ള ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് മാറ്റല്‍ പ്രവൃത്തി പൂര്‍ത്തിയാക്കി. വേങ്ങേരി ഓവർപാസിന്‌ തടസ്സമായ പൈപ്പ് വേങ്ങേരി -മലാപ്പറമ്പ് സർവീസ് റോഡരികിലേക്കാണ് മാറ്റിയത്. ദേശീയപാതയിലെ പൈപ്പുകള്‍ക്ക് പകരമായുള്ള പുതിയ പൈപ്പുകള്‍ അതത് സര്‍വീസ് റോഡിലേക്കും മാറ്റി.   
വരുംദിവസങ്ങളില്‍ പുതിയ പൈപ്പില്‍ ജല മർദം പരിശോധിക്കും. ശേഷം കലക്ടര്‍, മേയര്‍,  ജലവകുപ്പ് ഉന്നത ഉദ്യോ​ഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ യോ​ഗം ചേരും. പുതിയ പൈപ്പിലേക്ക് കണക്‌ഷന്‍ നല്‍കുന്നതും പഴയ പൈപ്പുകള്‍ എടുത്തുമാറ്റുന്നതും സംബന്ധിച്ചുള്ള തീരുമാനം യോ​ഗത്തിന് ശേഷമുണ്ടാകും.
പെരുവണ്ണാമൂഴിയിൽനിന്നാണ് നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും 10 സംഭരണിയിലേക്ക്‌ വേങ്ങേരിവഴി ഒന്നര മീറ്റർ വ്യാസമുള്ള പൈപ്പിലൂടെ വെള്ളമെത്തിക്കുന്നത്. കോര്‍പറേഷനും സമീപത്തെ 13 പഞ്ചായത്തുകളുമാണ്‌ പ്രധാന ഗുണഭോക്താക്കള്‍. നിലവിലെ പൈപ്പ് വഴി ജലവിതരണം നിർത്തിവച്ചാല്‍ മാത്രമെ പൈപ്പുകൾ തമ്മില്‍ കൂട്ടിച്ചേർക്കാന്‍ സാധിക്കൂ. പഴയ പൈപ്പിലെ ജലം ഒഴിവാക്കല്‍, മര്‍ദം പരിശോധിക്കല്‍, പൈപ്പുകള്‍ കൂട്ടിച്ചേര്‍ക്കല്‍, വീണ്ടും പമ്പിങ് തുടങ്ങല്‍ എന്നിവക്കായി ചുരുങ്ങിയത് നാല് ദിവസം വേണം. 
പകരം ക്രമീകരണം ഒരുക്കുന്നതിനും മറ്റുകാര്യങ്ങള്‍ തീരുമാനിക്കുന്നതിനുമാണ് കലക്ടറുടെ നേതൃത്വത്തില്‍ യോ​​ഗംചേരുന്നത്. ജലവിതരണം തടസ്സപ്പെടുന്നത് ഒരാഴ്ചമുമ്പ്‌ പൊതുജനങ്ങളെ അറിയിക്കും. നിലവില്‍ രണ്ടാഴ്ചയോളം മര്‍ദം പരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവൃത്തി നടക്കും. ഇക്കാലയളവില്‍ കുടിവെള്ള വിതരണം തടസ്സപ്പെടില്ലെന്ന് ജലവകുപ്പ് ഉദ്യോ​ഗസ്ഥര്‍ അറിയിച്ചു. ഈ മാസാവസാനം പൈപ്പ് മാറ്റൽ പൂർത്തിയാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top