നടുവണ്ണൂർ
സംസ്ഥാന സ്കൂൾ ഗെയിംസിൽ വോളിബോളിൽ കോഴിക്കോട് ജേതാക്കളായത് നടുവണ്ണൂർ വോളി അക്കാദമിയുടെ മികവിൽ. അണ്ടർ 19ലാണ് ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് കോട്ടയത്തെ പരാജയപ്പെടുത്തി കോഴിക്കോട് സ്വർണം നേടിയത്. കോർട്ടിലിറങ്ങിയ ആദ്യ ആറുപേരും നടുവണ്ണൂർ വോളി അക്കാദമിയിലാണ്. കെ ഹരീഷ് (ക്യാപ്റ്റൻ), മുഹമ്മദ് ഫർഹാൻ, സുബോദ് ചൗധരി, മുഹമ്മദ് സിനാൻ, സംഗീത് രാജ്, എൽ അഭിഷേക് എന്നിവരുടെ കളിമികവിലാണ് കോഴിക്കോട് കപ്പിൽ മുത്തമിട്ടത്. ആറുപേരും വാകയാട് ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. മുഹമ്മദ് സിനാൻ മികച്ച കളിക്കാരനായും തെരഞ്ഞെടുക്കപ്പെട്ടു. ഇതിൽ മുഹമ്മദ് ഫർഹാൻ, സുബോദ് ചൗധരി, മുഹമ്മദ് സിനാൻ എന്നിവർ കേരള ടീമിൽ ഇടംനേടി. കുന്നമംഗലം സ്വദേശി റിഷാനാണ് ലിബറോ. അനൈക് ഷാജി, പി ആർ പ്രത്യുഷ്, ഫിദുൽഹഖ്, ആനന്ദ്, ശിവസൂര്യ എന്നിവരും ടീമിലുണ്ടായിരുന്നു. നടുവണ്ണൂർ വോളി അക്കാദമിയിലെ കോച്ച് സി ആർ രാഗേഷ് ആണ് കോഴിക്കോടിന്റെ കോച്ച്. വാകയാട് ഹയർ സെക്കൻഡറി കായികാധ്യാപകൻ യു എസ് രത്തീഷ് അസിസ്റ്റന്റ് കോച്ചും ഉള്ള്യേരി എയുപിയിലെ അധ്യാപകൻ കെ വി ബ്രജേഷ് കുമാർ ടീം മാനേജരുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..