23 December Monday

ഇന്ധനസംഭരണികൾക്ക് ചോർച്ചയില്ല; കലക്ടറോട്‌ വിശദീകരിച്ച്‌ എച്ച്പിസിഎൽ

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2024
എലത്തൂർ
ഡീസൽ ചോർച്ചയുടെ കാരണങ്ങളും തുടർനടപടികളും സഹിതം ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതർ കലക്ടർ സ്‌നേഹിൽ കുമാർ സിങ്ങിന്‌ വിശദീകരണം നൽകി. സാങ്കേതികപിഴവാണ് ഇന്ധനചോർച്ചയ്ക്ക് കാരണമെന്ന് വിശദീകരണത്തിൽ പറയുന്നതായാണ് സൂചന. ഇന്ധനസംഭരണികൾക്ക് ചോർച്ചയോ കേടുപാടുകളോ ഇല്ല. ഇന്ധനം സൂക്ഷിക്കുന്ന സംഭരണിയിലെ ഇന്ധന നിരപ്പറിയാൻ സഹായിക്കുന്ന റഡാർ ഗേജാണ്‌ തകരാറിലായത്‌. 
ഇത് പ്രവർത്തിക്കാതായപ്പോൾ വാൽവിലൂടെ ഇന്ധനം കവിഞ്ഞൊഴുകി. ഓടകളിലേക്കും അവിടെനിന്ന് തോടുകളിലേക്കും എത്തി. കംപ്യൂട്ടർ മോണിറ്റർ സംവിധാനവും തകരാറായി. ഇതോടെ മുന്നറിയിപ്പ് അലാറം പ്രവർത്തിച്ചില്ലെന്നും വിശദീകരണത്തിൽ പറയുന്നു. ഇന്ധനചോർച്ച പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തിയെന്നും ഡിസ്‌പെർസന്റ്‌ സ്‌പ്രേ ഉപയോഗിച്ച് തോടുകളിലെയും ഓവുചാലുകളിലെയും ഡീസലിന്റെ അംശം ഒഴിവാക്കിയെന്നും അധികൃതർ വിശദീകരിച്ചു. 
എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ഡിപ്പോ അധികാരികൾ തയ്യാറായില്ല. 
പെട്രോളിയം മന്ത്രാലയത്തിന്റെ പ്രതിനിധി, മലിനീകരണ നിയന്ത്രണ ബോർഡ്, കൺട്രോൾ ഓഫ് എക്‌സ്‌പ്ലോസീവ് അതോറിറ്റി, പെട്രോളിയം വകുപ്പ്, എച്ച്പിസിഎല്ലിലെ ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ഡിപ്പോ പരിശോധന നടത്തിയതായും കലക്ടറെ അറിയിച്ചു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top