03 November Sunday

തീപിടിത്തമുണ്ടായ കെട്ടിടത്തിൽ 
കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024
രാമനാട്ടുകര
തീപിടിത്തത്തെ തുടർന്ന്‌ ബഹുനില കെട്ടിടത്തിന്റെ മുകൾനിലയിലെ മുറിയിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി. രാമനാട്ടുകര നഗരമധ്യത്തിൽ ചെത്തുപാലത്തിന് സമീപം ദുബായ് ഗോൾഡിന് എതിർവശത്തെ കെട്ടിടത്തിൽ വ്യാഴം രാവിലെ പത്തരയോടെയായിരുന്നു സംഭവം.
രാമനാട്ടുകര സ്വദേശി പി സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള പികെഎസ് ബിൽഡിങ്ങിൽ കോണിപ്പടിയുടെ കൈവരിയുടെ വെൽഡിങ് ജോലിക്കിടെ തീപ്പൊരി താഴെപതിച്ച് പാഴ്‌വസ്തുക്കൾക്ക് തീപിടിക്കുകയായിരുന്നു. 
കെട്ടിടത്തിനകത്ത് പുക നിറഞ്ഞതോടെ മൂന്നാം നിലയിലെ മുറിയിൽ കയറിയ മൂന്ന് അതിഥി തൊഴിലാളികളാണ്‌ കുടുങ്ങിപ്പോയത്‌. മീഞ്ചന്തയിൽ സ്റ്റേഷനിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയാണ്‌ ഇവരെ രക്ഷിച്ചത്.
കടുത്ത ചൂടും പുകയും കാരണം മൂന്നാമത്തെ നിലയിൽനിന്ന്‌  താഴേക്ക് ചാടാനൊരുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടുകാർ പിന്തിരിപ്പിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാഗംങ്ങൾ ശ്വാസനോപകരണം ധരിച്ച് മുകൾനിലയിൽ കയറി മൂവരേയും  താഴെ ഇറക്കുകയായിരുന്നു. ഇവരെ പ്രാഥമിക ചികിത്സക്കായി ആശുപത്രിയിലേക്ക്‌ മാറ്റി. തീ പെട്ടെന്ന്‌ നിയന്ത്രിച്ചതിനാൽ താഴെനിലയിൽ പ്രവർത്തിച്ച വസ്ത്രവ്യാപാര കേന്ദ്രത്തിലേക്ക് വ്യാപിക്കുന്നത് തടയാനായി. മീഞ്ചന്ത ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ ഓഫീസർ എം കെ പ്രമോദ് കുമാർ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ഡബ്ല്യു സനൽ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്. 
ഫയർ  ഓഫീസർമാരായ ജോസഫ് ബാബു, സി കെ അഖിൽ, പി അനൂപ്, കെ നിജീഷ്, അബ്ദുൽ സലാം, കെ പി അമീറുദ്ദീൻ, കെ പി ശ്വേത, സ്വാതികൃഷ്ണ, ജിതിൻബാബു, ഹോംഗാർഡുമാരായ എസ് പി മനോഹരൻ, എൻ അനൂപ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top