13 September Friday
പഠനം നാഷണൽ സെന്റർ ഫോർ എർത്ത്‌ സ്‌റ്റഡീസിന്റേത്‌

71 ഇടങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024
 
കോഴിക്കോട്‌
ജില്ലയിൽ 71 ഇടങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചൽ സാധ്യതാ പ്രദേശങ്ങളെന്ന്‌  നാഷണൽ സെന്റർ ഫോർ എർത്ത്‌ സ്‌റ്റഡീസിന്റെ പഠനം. താമരശേരി താലൂക്കിൽ 31ഉം വടകരയിൽ 29ഉം കോഴിക്കോട്‌ എട്ടും കൊയിലാണ്ടിയിൽ മൂന്നും സ്ഥലങ്ങളാണ്‌ പ്രകൃതി ദുരന്ത ഭീഷണി നേരിടുന്ന പ്രദേശങ്ങൾ. 
ഭൂമിയുമായി ബന്ധപ്പെട്ട ശാസ്‌ത്രീയ പ്രശ്‌നങ്ങൾ സമഗ്രമായി പഠിക്കുന്ന സ്ഥാപനം വിവിധ പ്രദേശങ്ങൾ സന്ദർശിച്ചും പഠനം നടത്തിയുമാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. മണ്ണിലെ വിള്ളൽ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, കിണറുകൾ താഴ്‌ന്നുപോകൽ അടക്കമുള്ള പ്രകൃതിദുരന്തം വർധിച്ചതോടെയാണ്‌ 2019ൽ പഠനം നടത്തിയത്‌. 
താമരശേരി താലൂക്കിൽ കോടഞ്ചേരി വില്ലേജിലെ ചിപ്പിലിത്തോട്‌, വെണ്ടക്കുപൊയിൽ, നൂറാംതോട്‌, മരുതിലാവ്‌, കാന്തലാട്ടെ 25ാം മൈൽ, 26ാം മൈൽ, ചീടിക്കുഴി, കരിമ്പൊയിൽ മങ്കയം, കട്ടിപ്പാറയിലെ അമരാട്‌, ചമൽ, കരിഞ്ചോലമല, മാവുവിലപൊയിൽ, കൂടരഞ്ഞിയിലെ പുന്നക്കടവ്‌, ഉദയഗിരി, പനക്കച്ചാൽ, കൂമ്പാറ, ആനയോട്‌, കക്കാടം പൊയിൽ, കൽപ്പിനി, തിരുവമ്പാടിയിലെ ആനക്കാംപൊയിൽ, മുത്തപ്പൻ പുഴ, കരിമ്പ്‌, പുതുപ്പാടിയിലെ കണ്ണപ്പൻകുണ്ട്‌, മണൽ വയൽ, കാക്കവയൽ, പനങ്ങാട്ടെ വാഴോറമല, കൂടരഞ്ഞിയിലെ തേവർമല, കാനങ്ങോട്ടുമല, ശിവപുരത്തെ തേനാങ്കുഴി എന്നിവയാണ്‌ ഭീഷണി നേരിടുന്ന പ്രദേശങ്ങൾ.
വടകര താലൂക്കിൽ കാവിലുംപാറ വില്ലേജിലെ ചൂരാനി, പൊയിലാംചാൽ, കരിങ്ങോടുമല, വട്ടിപ്പന, കോട്ടപ്പടി, മുത്തുപ്ലാവ്‌,  മരുതോങ്കരയിലെ പൂഴിത്തോട്‌, പശുക്കടവ്‌, തോട്ടക്കാട്‌, കായക്കൊടിയിലെ പാലോളി, മുത്തശ്ശിക്കോട്ട, ചെക്യാട്ടെ കാഞ്ഞിരത്തിങ്കൽ, കോരനമ്മൽ, ഒഞ്ചിയത്തെ മാവിലാംകുന്ന്‌, തിനൂരിലെ കരിപ്പകമ്മായി, പറവട്ടം, വാളൂക്ക്‌, വായാട്‌, വളയത്തെ ആയോട്‌മല, വാണിമേലിലെ ചിറ്റാരിമല, വിലങ്ങാട്ടെ ആലിമൂല, അടിച്ചിപ്പാറ, അടുപ്പിൽ കോളനി, മാടഞ്ചേരി, മലയങ്ങാട്‌, പാനോം, ഉടുമ്പിറങ്ങിമല എന്നിവയാണ്‌. 
കോഴിക്കോട്‌ താലൂക്കിൽ കൊടിയത്തൂർ വില്ലേജിലെ ചീരൻക്കുന്ന്‌, മാങ്കുഴിപ്പാലം, മൈനൂർ മല, കുമാരനെല്ലൂരിലെ കൊളക്കാടൻ മല, ഊരാളിക്കുന്ന്‌, പൈക്കാടൻ മല, തോട്ടക്കാട്‌, മടവൂരിലെ പാലോറമല, കൊയിലാണ്ടി താലൂക്കിൽ ചക്കിട്ടപാറ വില്ലേജിലെ താമ്പാറ, കൂരാച്ചുണ്ട്‌ വില്ലേജിലെ കൂരാച്ചുണ്ട്‌, നടുവണ്ണൂർ, അവിടനല്ലൂർ വില്ലേജിലെ വല്ലോറ മല  എന്നിവയാണ്‌.  ഈ പ്രദേശങ്ങളെല്ലാം ഒന്നുകിൽ ഉയർന്ന, താഴ്‌ന്ന, മിത സാധ്യതകളുള്ള ദുരന്ത ഭൂമിയായേക്കുമെന്നാണ്‌ ചുണ്ടിക്കാണിച്ചിരിക്കുന്നത്‌.  
ജില്ലയിൽ ക്വാറികളും ക്രഷറുകളും കൂടുതലായി പ്രവർത്തിക്കുന്നിടങ്ങളിലാണ്‌ അപകട സാധ്യതയേറെയും. 22 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള മലകൾ ഉരുൾപൊട്ടൽ സാധ്യതയുള്ളതെന്നാണ്‌ റവന്യുവിഭാഗത്തിന്റെ വിലയിരുത്തലെങ്കിൽ  നാഷണൽ സെന്റർ ഫോർ എർത്ത്‌ സ്‌റ്റഡിസ്‌ സ്‌പോട്ട്‌ ചെയ്‌ത പ്രദേശങ്ങൾ പലതും 72 ഡിഗ്രി വരെ ചെങ്കുത്തായ പ്രദേശങ്ങളും നേരത്തെ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായ പ്രദേശങ്ങളുമാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top