കോഴിക്കോട്
ഓണക്കാലത്ത് ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവയ്‌പ്, വിലക്കയറ്റം, കരിഞ്ചന്ത എന്നിവ തടയാൻ കലക്ടറുടെ നിർദേശാനുസരണം താമരശേരി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ഓണം സ്പെഷ്യൽ സ്‌ക്വാഡ് പരിശോധന നടത്തി. പഴം, പച്ചക്കറി, പലച്ചരക്ക് കടകൾ, ബേക്കറികൾ, ടീസ്റ്റാളുകൾ, ഹോട്ടലുകൾ, ചിക്കൻ, ബീഫ് സ്റ്റാളുകൾ തുടങ്ങിയ കച്ചവട സ്ഥാപനങ്ങളിലായിരുന്നു പരിശോധന.
ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങളിൽനിന്ന് 33,000 രൂപ പിഴ ഈടാക്കി. ഭക്ഷ്യസുരക്ഷാ മാനദണ്ഡം പാലിക്കാത്ത മൂന്ന് സ്ഥാപനങ്ങൾക്കും മറ്റു ക്രമക്കേട് കണ്ടെത്തിയ 38 സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. പൂനൂർ, താമരശേരി, ഓമശേരി ഭാഗങ്ങളിലായി പൊതുവിപണികളിൽ നടത്തിയ സംയുക്ത റെയ്ഡിൽ പൊലീസ്, റവന്യൂ, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
പഞ്ചായത്ത് ലൈസൻസ്, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് എന്നിവ പരിശോധനാ സമയത്ത് ഹാജരാക്കാത്തവർക്കും സ്ഥാപനങ്ങളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കാത്തവർക്കുമാണ് നോട്ടീസ് നൽകിയത്.
പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർ സന്തോഷ് ചോലയിൽ, റേഷനിങ് ഇൻസ്പെക്ടർ കെ നൗഫൽ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ കെ പി ജംഷീദ്, പി കെ മനോജ്, കെ ടി അനീസ് റഹ്മാൻ, എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..