കോഴിക്കോട്
തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ത്രിതല പഞ്ചായത്തുകളിലെ വാർഡ് വിഭജനം പൂർത്തിയായി. ജില്ലയിൽ 132 വാർഡുകളാണ് കൂടിയത്. പഞ്ചായത്ത് തലത്തിൽ 117, ബ്ലോക്ക് പഞ്ചായത്ത് 14, ജില്ലാ പഞ്ചായത്ത് ഒന്ന് എന്നിങ്ങനെയാണ് വർധന. കോടഞ്ചേരി പഞ്ചായത്ത് ഒഴികെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വാർഡുകൾ കൂടി.
പഞ്ചായത്തുകളിലെ 1343 വാർഡുകളിൽ 688 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിൽ 183 ൽ 93ഉം സ്‌ത്രീ സംവരണമാണ്. പഞ്ചായത്തുകളിൽ ഒന്ന് മുതൽ നാല് വരെയാണ് വാർഡുകൾ വർധിച്ചത്. പെരുമണ്ണയിലാണ് കൂടുതൽ. നേരത്തെ 18 വാർഡായിരുന്നതിപ്പോൾ 22 ആയി. ഓരോ പഞ്ചായത്തിലും 14 മുതൽ 24 വരെയാണ് വാർഡുകളുള്ളത്. 10 പഞ്ചായത്തുകളിൽ 24 വാർഡുണ്ട്.
പട്ടികജാതിക്ക് 106, പട്ടികവർഗം ആറ് എന്നിങ്ങനെയാണ് സംവരണം. പട്ടിക ജാതി സംവരണത്തിൽ 38 എണ്ണം സ്‌ത്രീകൾക്കാണ്. വളയം, നന്മണ്ട, വാണിമേൽ, കൂടരഞ്ഞി, കോട്ടൂർ, കോടഞ്ചേരി എന്നീ പഞ്ചായത്തുകളിലാണ് പട്ടികവർഗ വാർഡുകൾ. ഈ വിഭാഗത്തിൽ ജില്ലയിൽ സ്‌ത്രീ സംവരണമില്ല. വളയത്ത് നേരത്തെ ഉണ്ടായിരുന്ന വാർഡ് മാറിയതോടെ പട്ടികജാതി സംവരണമില്ലാത്ത പഞ്ചായത്തുകളുടെ എണ്ണം രണ്ടായി (വളയം, വാണിമേൽ).
13 ബ്ലോക്ക് പഞ്ചായത്തുകളിലായി നേരത്തെ 169 ഡിവിഷനുകളുണ്ടായിരുന്നതിപ്പോൾ 183 ആയി. 22 വാർഡുകൾ പട്ടിക ജാതി സംവരണമാണ് (അഞ്ചെണ്ണം സ്‌ത്രീകൾ). തദ്ദേശ വാർഡുകളുടെ പുനർ ജനസംഖ്യക്ക് ആനുപാതികമായും ഭൂമിശാസ്‌ത്രപരമായ അതിരുകൾ പരിഗണിച്ചുമാണ് വിഭജനം നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..