22 December Sunday

'ഹോംഷോപ്പി'ന് പതിനഞ്ചാം
പിറന്നാൾ

സ്വന്തം ലേഖികUpdated: Monday Sep 9, 2024
 
കോഴിക്കോട്‌
കുടുംബശ്രീയുടെ വിജയയാത്രയിൽ ജില്ലയുടെ അഭിമാന പദ്ധതിയായ ‘ഹോംഷോപ്പി’ന്‌ 15–-ാം പിറന്നാൾ. 14 വർഷം മുമ്പ്‌ കൊയിലാണ്ടിയിൽ തുടക്കമിട്ട ഹോംഷോപ്പ് പദ്ധതി സംസ്ഥാനത്തിന്റെ തന്നെ മാതൃകാ പദ്ധതിയായി മാറുന്ന വേളയിൽ 15ാം  വാർഷികാഘോഷത്തിന്‌ ഇരട്ടിമധുരമാണ്‌.
കുടുംബശ്രീ അംഗങ്ങള്‍ക്ക് ഉപജീവനമാര്‍ഗം ലക്ഷ്യമിട്ട്‌ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘കെ ലിഫ്‌റ്റ്‌’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ ഹോംഷോപ്പിനെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചത്‌. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന കുടുംബശ്രീ ഉൽപ്പന്നങ്ങൾ വാർഡുകൾ തോറും ഹോംഷോപ്പുകൾ സ്ഥാപിച്ച് അംഗങ്ങളിലൂടെ വിപണനം നടത്തുന്നതാണ്‌ പദ്ധതി.  ഉൽപ്പാദന–--വിതരണ–-വിപണന രംഗങ്ങളിലായി ജില്ലയിൽ ആയിരത്തിയിരുന്നൂറോളം വനിതകൾക്കാണ്‌ ഇതുവരെ തൊഴിൽ ലഭിച്ചത്‌.
എല്ലാ വാർഡുകളിലും രണ്ടുവീതം ഹോംഷോപ്പ് ഓണർമാരെ നിയമിച്ച്‌ സമ്പൂർണ ഹോംഷോപ്പ് ജില്ലയാക്കി മാറ്റുന്നതിനുള്ള  പ്രവർത്തനങ്ങളിലാണ് കുടുംബശ്രീ. കെ ലിഫ്റ്റിൽ  ഉൾപ്പെടുത്തിയതോടെ കൂടുതൽ പേർ താൽപ്പര്യം കാണിക്കുന്നുണ്ട്‌.  പ്രതിമാസ വേതനത്തിനുപുറമേ ഹോംഷോപ്പ് ഉടമകൾക്ക് വേണ്ടി നിരവധി ക്ഷേമ, സാമൂഹ്യസുരക്ഷാ പദ്ധതികളും ഏർപ്പെടുത്തിയിട്ടുണ്ട്.  
ഹോംഷോപ്പിന്റെ വാർഷികാഘോഷവും ഓണാഘോഷവും ‘അത്തപ്പൂമഴ’ പേരിൽ 10ന്‌ ബാലുശേരി ഗ്രീൻ അരീന ഓഡിറ്റോറിയത്തിൽ നടക്കും. ഉദ്ഘാടന സമ്മേളനം, അവാർഡ്‌ വിതരണം, സമ്മാനങ്ങളുടെ സമർപ്പണം, ഓണക്കോടി വിതരണം, വയനാട് ഫണ്ട് സമർപ്പണം, ഓണസദ്യ, കലാപരിപാടികൾ തുടങ്ങിയവയുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top