കക്കോടി
ചേളന്നൂർ ഉമ്മംകൊത്തിയിലെ ടി ആബിദയുടെയും ഭിന്നശേഷിക്കാരനായ മകന്‍ സഹൽ ഷാനുവിന്റെയും ആഗ്രഹം സഫലമായി. ഭിന്നശേഷിക്കാരനായ മകനെ സ്‌കൂളിലും ആശുപത്രിയിലുമെത്തിക്കാൻ റോഡ് വേണമെന്ന ആവശ്യം തദ്ദേശ അദാലത്തിലൂടെ പരിഹരിച്ചു.
ഇന്റലക്ചൽ ഡിസ് ഓർഡർ അസുഖത്തിന് സഹൽ ഷാനു നാലാം ക്ലാസ് മുതൽ ചികിത്സയിലാണ്. സന്തോഷം വന്നാലും ദുഃഖം വന്നാലും ശരീരം തളർന്ന് തെന്നി വീഴും. തലക്ക് മുറിവേൽക്കാതിരിക്കാൻ ഹെൽമറ്റ് ധരിച്ചാണ് യാത്ര. പതിനെട്ടുകാരനായ മകനെ റോഡിലേക്ക് എത്തിക്കാൻ നാല് പേരുടെയെങ്കിലും സഹായം വേണം. ചെളിയും കുഴിയും നിറഞ്ഞ ഇടുങ്ങിയ കനാൽ പാതയിലൂടെയുള്ള കാൽനടയാത്ര പ്രയാസമായതോടെ സ്കൂളിൽ പോകുന്നതും ചികിത്സയും മുടങ്ങി. വീട്ടിലേക്ക് നല്ലൊരു റോഡ് ആവശ്യപ്പെട്ടാണ് ആബിദ അദാലത്തിനെത്തിയത്.
നിർധന കുടുംബമായ ആബിദ നവകേരള സദസ്സിലും പരാതി കൊടുത്തിരുന്നു. എട്ട് ലക്ഷത്തിലധികം ചെലവ് വരുന്ന റോഡിന് ആവശ്യമായ ഫണ്ട് പഞ്ചായത്തിന് നിലവിൽ ലഭ്യമല്ലെന്ന് പറഞ്ഞ് യുഡിഎഫ് ഭരിക്കുന്ന ചേളന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ഇവരെ കൈയൊഴിഞ്ഞു. ഇക്കാര്യം തന്നെ അദാലത്തിലും മന്ത്രിയെ അറിയിച്ചു. തുടർന്ന് സ്ഥലം എംഎൽഎയും മന്ത്രിയുമായ എ കെ ശശീന്ദ്രനുമായി മന്ത്രി എം ബി രാജേഷ് ഫോണിൽ ചർച്ചചെയ്തു. റോഡ് ഒരുക്കാൻ എംഎൽഎ ഫണ്ടിൽനിന്നും എട്ട് ലക്ഷം രൂപ അനുവദിക്കാമെന്ന് എ കെ ശശീന്ദ്രൻ ഉറപ്പുനൽകി. തുടർ നടപടികൾ വേഗത്തിലാക്കാൻ പഞ്ചായത്ത് സെക്രട്ടറിയെയും പ്രസിഡന്റിനെയും മന്ത്രി ചുമതലപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..