18 December Wednesday

കൈതോലയിൽ വിരിയുന്നു പൂക്കൊട്ടകൾ

സ്വന്തം ലേഖകൻUpdated: Monday Sep 9, 2024

പാട്ടുപുര നാണുവും അമ്മ കല്യാണിയും ചേർന്ന് കൈതോലകൊണ്ട് പൂക്കൊട്ട നിർമിക്കുന്നു

 
വടകര
കുട്ടികളുടെ കൈകളിൽനിന്ന്‌ അകന്നുപോയ കൈതോല പൂക്കൊട്ടകൾ പുനർജനിക്കുകയാണ് ഇവിടെ. നാടൻപാട്ട് കലാകാരൻ പാട്ടുപുര നാണുവും അമ്മ കല്യാണിയും ചേർന്നാണ് പൂക്കൊട്ടകൾ ഒരുക്കുന്നത്. പണ്ടുകാലത്ത് ഓണത്തിന്‌  ഒഴിവാക്കാൻ സാധിക്കാത്തതായിരുന്നു പൂക്കൊട്ടകൾ. കാലം മാറിയതോടെ പൂക്കൊട്ടകളെ പ്ലാസ്റ്റിക്‌ കൈയടക്കി. ഓണത്തിന് മലപ്പുറത്തെ ഒരു വിദ്യാലയത്തിന് 500 പൂക്കൊട്ടകൾ വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് നാണു വീണ്ടും പൂക്കൊട്ടകൾ നിർമിക്കാൻ തുടങ്ങിയത്.
വേണ്ടത്ര പനയോല കിട്ടാനില്ലാത്തതിനാൽ കൈതോല ഉപയോഗിച്ചാണ്  നിർമാണം. കൈതോല ശേഖരിച്ച് മുള്ള് നീക്കി ഉണക്കിയെടുക്കണം. ഇവ ചെറുകണ്ണികളാക്കി ഇഴ ചേർത്താണ് നിർമാണം. ആവശ്യമനുസരിച്ച് വിവിധ വലുപ്പത്തിലും ആകൃതിയിലും ഇവ നിർമിക്കാം. നാണു പൂക്കൊട്ട നിർമിക്കുന്നതറിഞ്ഞ് ആളുകൾ വീട്ടിലെത്തിത്തുടങ്ങി. ആവശ്യക്കാർ വർധിച്ചതോടെ നാണുവിനും അമ്മക്കും ജോലിത്തിരക്കായി. 
ഒരു മണിക്കൂറിലേറെ സമയമെടുക്കും ഒരു പൂക്കൊട്ട നിർമിക്കാൻ. ഫോക്‌ലോർ അവാർഡ് ജേതാക്കളാണ് പാട്ടുപുര നാണുവും അമ്മ കല്യാണിയും. പാട്ടുപുര എന്ന പേരിൽ നാടൻപാട്ട് സംഘവുമുണ്ട്. ഭാര്യയും മക്കളും എല്ലാം നാടൻപാട്ട് കലാകാരന്മാരുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top